ആലപ്പുഴ: ദേശീയപാത 66ൽ ചേർത്തല പതിനൊന്നാം മെെലിൽ നിർമ്മാണം പൂർത്തിയായ മേൽപ്പാലത്തിന്റെ റോഡിൽ ഗർത്തമുണ്ടായ സംഭവത്തിൽ വിശദീകരണവുമായി ദേശീയപാത അതോറിറ്റി രംഗത്ത്. കുടിവെള്ള പൈപ്പ് പൊട്ടി മണ്ണിൽ ഉണ്ടായ സമ്മർദ്ദം കാരണമാണ് ഗർത്തമുണ്ടായതെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. സമാനമായ പ്രശ്ന സാദ്ധ്യതയുള്ള മറ്റ് അഞ്ച് ഇടങ്ങളിൽ ദേശീയപാത അതോറിറ്റിയും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തും.
എന്നാൽറോഡിന്റെ നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. നാല് മീറ്ററോളം ആഴത്തിലാണ് ഇന്നലെ രാത്രി ഗർത്തം രൂപപ്പെട്ടത്. അവിടെ തൽക്കാലത്തേക്ക് മണ്ണും കോൺക്രീറ്റുമിട്ട് ജല അതോറിറ്റി മൂടിയിരുന്നു. ജില്ലാ കളക്‌ടറുടെ നിർദേശപ്രകാരമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോരിറ്റിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
അതേസമയം, പൊട്ടിയ പൈപ്പ് നേരത്തേ തന്നെ മാറ്റിസ്ഥാപിച്ചുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. താൽക്കാലിക മാർഗമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. റോഡ് നിർമാണത്തിനായി കായലിലെ എക്കൽ മണ്ണാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പുറത്തുവരാതിരിക്കാനാണ് ആരും അറിയാതെ പുലർച്ചെ കോൺട്രാക്‌ടർമാരെക്കൊണ്ട് റോഡ് കോൺക്രീറ്റ് ചെയ്യിപ്പിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇന്നലെ റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരനാണ് റോഡിൽ കുഴിയുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. ആഴത്തിലുള്ള കുഴി വൻ അപകടങ്ങൾ വരുത്തിവച്ചേനെ. യാത്രക്കാരുടെ ജീവന് പോലും ഭീഷണിയാകുന്ന രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ ഉൾപ്പെടുന്ന പ്രതിഷേധക്കാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |