SignIn
Kerala Kaumudi Online
Monday, 14 September 2026 8.04 PM IST

സി.പി.എമ്മിന് സൗമ്യസാരഥി, എം.വി. ഗോവിന്ദൻ ചുമതലയേറ്റു, അനാരോഗ്യത്താൽ കോടിയേരി ഒഴിഞ്ഞു

mv

#മന്ത്രിസഭാ പുനഃസംഘടനയും അനിവാര്യം

തിരുവനന്തപുരം: ആരോഗ്യസ്ഥിതി മോശമായ കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞതിനെത്തുടർന്ന്, സി.പി.എം സംസ്ഥാന സെക്രട്ടറിയായി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക മുഖവുമായ മന്ത്രി എം.വി. ഗോവിന്ദനെ തിരഞ്ഞെടുത്തു. മന്ത്രിയായിരിക്കെ സംഘടനാ ചുമതലയിലേക്ക് അദ്ദേഹം മാറുന്നതിനാൽ, രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും അനിവാര്യമായി. അടുത്തയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കാര്യമായ അഴിച്ചുപണിയില്ലെന്നാണ് സൂചന.

തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയാണ് 69 കാരനായ എം.വി. ഗോവിന്ദൻ. തളിപ്പറമ്പിൽ നിന്നാണ് നിയമസഭാംഗമായത്. അവിടെ നിന്ന് 1996ലും 2001ലും എം.എൽ.എയായിരുന്നു. 2002ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 2006ൽ സംസ്ഥാനസെക്രട്ടേറിയറ്റംഗവും 2018ൽ കേന്ദ്രകമ്മിറ്റിയംഗവുമായി. ഇന്നലെ കോടിയേരിയുടെ അഭാവത്തിൽ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര സംസ്ഥാനകമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗോവിന്ദനെ നിർദ്ദേശിച്ചത്. എല്ലാവരും അനുകൂലിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ എന്നിവരും പങ്കെടുത്തു.സംസ്ഥാനസെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തിൽ എം.വി. ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുത്തുവെന്ന ഒറ്റ വരി വാർത്താക്കുറിപ്പ് സി.പി.എം പുറത്തിറക്കി.

തിരക്കിട്ട കൂടിയാലോചന

രാവിലെ അവൈലബിൾ പി.ബിയോഗം ചേർന്നു. കഴിഞ്ഞ തവണ കോടിയേരിക്ക് അവധി നൽകിയപ്പോൾ എ. വിജയരാഘവന് താൽക്കാലിക ചുമതല നൽകിയതു പോലുള്ള ക്രമീകരണം മതിയോ, പുതിയ സെക്രട്ടറി വേണോ എന്നായിരുന്നു കൂടിയാലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യമാണെന്നും അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിൽ സ്ഥിരം ചുമതലക്കാരൻ വേണമെന്നും കേന്ദ്രനേതാക്കൾ വ്യക്തമാക്കി . തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നു. സംസ്ഥാന കമ്മിറ്റി ചേരുന്നതിന് തൊട്ടുമുമ്പ് യെച്ചൂരിയും പിണറായിയും ബേബിയും തൊട്ടടുത്ത ഫ്ളാറ്റിൽ കഴിയുന്ന കോടിയേരിയെ പോയിക്കണ്ടു. ഒഴിയാനുള്ള ആഗ്രഹം കോടിയേരി ആവർത്തിച്ചതോടെ, വിഷയം സംസ്ഥാന കമ്മിറ്റിയുടെ മുന്നിലെത്തി.

എന്തുകൊണ്ട് ഗോവിന്ദൻ

#കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, എ.കെ.ബാലൻ എന്നിവരെ മറി കടന്നാണ് ഗോവിന്ദനെ നിയോഗിച്ചത്. 75 എന്ന പ്രായപരിധി കർശനമാക്കിയതിനാൽ ബാലനും ജയരാജനും അടുത്ത പാർട്ടി സമ്മേളനത്തോടെ മാറേണ്ടിവരും. 69 കാരനായ ഗോവിന്ദന് രണ്ട് സമ്മേളനം വരെ തുടരാനാവും.

#കണ്ണൂരിൽ നിന്നു സെക്രട്ടറിമാരായ സി.എച്ച്. കണാരൻ, ചടയൻ ഗോവിന്ദൻ എന്നിവരുടെ കർക്കശ സമീപനങ്ങളും വ്യതിയാനങ്ങളില്ലാത്ത നിലപാടുകളുമാണ് ഗോവിന്ദന്റെ കരുത്ത്.

# മന്ത്രിസഭാ പുനഃസംഘടനയ്ക്കും അവസരമൊരുങ്ങും.

കോടിയേരി അപ്പോളോ ആശുപത്രിയിലേക്ക്

വിദഗ്ദ്ധ ചികിത്സയ്ക്കായി കോടിയേരിയെ ഇന്ന് എയർ ആംബുലൻസിൽ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പാർട്ടി തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA