കല്പറ്റ: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ലഹരിവസ്തുക്കൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കേസെടുത്തു. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെതിരെയാണ് കേസ്. ഏഴ് ചാക്കോളം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സബിത്ത് കവർന്നത്. ചെക്ക്‌പോസ്റ്റിൽ നിന്ന് പിടികൂടി കോടതി ഉത്തരവുപ്രകാരം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണിത്.
അതീവ സുരക്ഷയോടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ നിന്ന് 13,800 പാക്കറ്റ് ഹാൻസ് (ഏഴ് ചാക്ക്), കൂൾലിപ്പ് എന്നിങ്ങനെയുള്ള നിരോധിത പുകയില ഉല്പന്നങ്ങളാണ് സബിത്ത് മോഷ്ടിച്ചത്
കഴിഞ്ഞ ദിവസം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും പരിശോധനയ്ക്കായി എത്തിയപ്പോഴാണ് തൊണ്ടിമുതൽ കാണാനില്ലെന്ന വിവരം അറിയുന്നത്. സ്റ്റേഷന്റെ പൂട്ടു പൊളിക്കാതെ റൈറ്ററുടെ പക്കലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്ന് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സ്റ്റേഷനിലുള്ള പൊലീസുകാരനിലേക്ക് തന്നെ സംശയം നീളുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലായ് 18ന് രാത്രിയാണ് മോഷണം നടന്നത്. അന്ന് സബിത്തിന് ജി ഡി ചാർജ് ആയിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറിലെത്തി ഇയാൾ ചാക്കുകൾ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. പ്രതിക്ക് പുറത്ത് നിന്നും സ്റ്റേഷനിൽ നിന്നും ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും.
നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൊലീസുകാരൻ പ്രതിയായ സംഭവത്തിൽ വകുപ്പുതല നടപടിക്കായി ബത്തേരി ഡിവൈഎസ്‌പി ശുപാർശ ചെയ്തിട്ടുണ്ട്.
A case has been registered against Senior Civil Police Officer Sabith for allegedly stealing seven sacks of seized banned tobacco products from Sulthan Bathery Police Station. Sabith, who had GD charge, reportedly used a key to access the evidence room. CCTV footage shows him moving the items in his car. He is currently absconding as police launched a search, and departmental action has been recommended.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |