
തൃശൂർ: സ്വകാര്യ ലോഡ്ജിൽ യുവതിയെയും നവജാത ശിശുവിനെയും പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശിനി കൊല്ലാറ വീട്ടിൽ ജ്യോതി (28) ആണ് മരിച്ചത്. തൃശൂർ വെളിയന്നൂരിലുള്ള നിയറസ്റ്റ് ലോഡ്ജിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ കസ്റ്റഡിയിൽ.
27ന് സുഹൃത്തായ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പമാണ് യുവതി മുറിയെടുത്തത്. അന്നേദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പിന്നീട് ഓട്ടോ ഡ്രൈവർ ലോഡ്ജിലേക്ക് എത്തിയിരുന്നില്ല.
ഇന്നലെ ഉച്ചയോടെയെത്തി യുവതി ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ സംശയം തോന്നിയ ജീവനക്കാർ ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും ഫയർ ഫോഴ്‌സും എത്തി അകത്തുകയറിയപ്പോഴാണ് യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടത്.
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇരുമൃതദേഹങ്ങളും. പൊക്കിൾക്കൊടി പോലും മുറിച്ചു മാറ്റപ്പെട്ടിരുന്നില്ല. യുവതിയും കുഞ്ഞും പ്രസവത്തിനിടെ മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
വാക്കുകളിൽ വൈരുദ്ധ്യം
യുവതിയെ മുൻ പരിചയമുണ്ടെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴിയെങ്കിലും ഇയാളുടെ വാക്കുകളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഫോണിൽ വിളിച്ച് കിട്ടാതിരുന്നപ്പോൾ അന്വേഷിച്ചെത്തിയതാണെന്ന് ആദ്യം പറഞ്ഞെങ്കിലും പൊലീസിനോട് യുവതിയെ പരിചയമില്ലെന്നാണ് പറഞ്ഞത്. മുറിയെടുക്കാനെത്തിയ ദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങിനൽകിയെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. മരിച്ച ജ്യോതി വിവാഹമോചിതയാണ്.
ഇടയ്ക്കിടെ ഇരുവരും മുറിയെടുക്കാറുണ്ടെന്നാണ് ലോഡ്ജ് ജീവനക്കാരുടെ മൊഴി. മുൻപ് 2024ൽ ഓട്ടോ ഡ്രൈവർക്കെതിരെ യുവതി പൊലീസിൽ പീഡനശ്രമത്തിന് പരാതി നൽകിയിരുന്നെന്ന സൂചനയുമുണ്ട്. തൃശൂർ സിറ്റി എ.സി.പി: ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ലോഡ്ജിൽ പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |