
തിരുവനന്തപുരം: കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂർണമായി ഇല്ലാതാക്കുമെന്നും ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കര, കടൽ, വ്യോമ മാർഗമുള്ള ലഹരിയൊഴുക്ക് തടയും. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളുമായും ചേർന്നായിരിക്കും 'ഓപ്പറേഷൻ തൂഫാന്റെ' അടുത്തഘട്ടം. ഇതിനായി കർണാടക, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ നോഡൽ ഓഫീസർമാരെ നിയോഗിക്കും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യമറിയിച്ചത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഓപ്പറേഷൻ തൂഫാന് പൂർണപിന്തുണ വാഗ്ദാനം ചെയ്തു. ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും. സംയുക്തയോഗങ്ങൾ ഇടയ്ക്കിടെ ചേരും. കർണാടക ആഭ്യന്തരമന്ത്രി 15ന് തലസ്ഥാനത്തെത്തും. തമിഴ്നാട്, പുതുച്ചേരി,ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരെ നേരിൽകാണും.
ഓൺലൈനിലും കൊറിയറിലും ഹോംഡെലിവറിയായും ട്രെയിനുകളിൽ ചെറിയ സ്റ്രേഷനുകളിൽ ഉപേക്ഷിച്ചുമുള്ള ലഹരിക്കടത്തിന്റെ പുതിയ രീതികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അർബുദത്തിനുള്ള മരുന്നുപോലും ലഹരിക്കായി ഉപയോഗിക്കുന്നു. ഇത് തടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുണ്ടാവും. നാർക്കോട്ടിക് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘങ്ങളെ ശക്തിപ്പെടുത്തും. കൂടുതൽ ആൾബലവും വാഹനങ്ങളും നൽകും.
തമിഴ്നാട് ഡി.ജി.പി മഹേഷ് കുമാർ അഗർവാൾ, കർണാടക എ.ഡി.ജി.പി ആർ.ഹിതേന്ദ്ര, കസ്റ്റംസ് കമ്മിഷണർ ടോ.ടി.ടിജു, നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.സുധാകർ, ഐ.ബി ജോയിന്റ് ഡയറക്ടർ ഡോൺ.കെ.ജോസ്, ഡി.ആർ.ഐ അഡി.ഡയറക്ടർ കെ.പദ്മാവതി, തെലങ്കാന എസ്.പി പി.വി.പദ്മജ, ആന്ധ്ര എസ്.പി കെ.എം.മഹേശ്വര രാജു, ആർ.പി.എസ് സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ്, കേരള ഡി.ജി.പി റവാഡ ചന്ദ്രശേഖർ, പൊലീസ് ഉപദേഷ്ടാവ് എ.ഹേമചന്ദ്രൻ, ഐ.ജിമാരായ പുട്ട വിമലാദിത്യ, ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സംയുക്ത ഓപ്പറേഷൻ
ലഹരിക്കടത്തിന്റെ പുതിയ മാർഗങ്ങൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തി തടയും
തൂഫാൻ തുടങ്ങിയതോടെ ലഹരിയുടെ വരവ് കാര്യമായി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ട്
ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത ഓപ്പറേഷൻ
മയക്കുമരുന്ന് കേസുകൾക്ക്
10 കോടതികൾ
മയക്കുമരുന്ന് കേസുകൾ വിചാരണ ചെയ്യാൻ പത്ത് കോടതികൾ ആരംഭിക്കാൻ കേന്ദ്രം വിളിച്ച ഡി.ജി.പിമാരുടെ യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. എവിടെയൊക്കെയാണെന്ന് ഉടൻ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല. നേരത്തേ പ്രഖ്യാപിച്ച തിരുവനന്തപുരം, എറണാകുളം കോടതികൾ ഉടൻ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |