SignIn
Kerala Kaumudi Online
Friday, 10 July 2026 3.02 AM IST

കാർന്നെടുത്ത താഴ്വാരം കള്ളാടിയുടെ ഉള്ളുലച്ചു

1

ശാസ്‌ത്ര സാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ച കാലത്ത് അതൊന്നും വകവയ്ക്കാതെ, അശാസ്ത്രീയമായി മല തുരന്നതിന്റെ പരിണത ഫലമാണ് വയനാട്ടിലെ ആനക്കാംപൊയിൽ - കള്ളാടി തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിൽ. ഇത് വിളിച്ചുവരുത്തിയ ദുരന്തമാണ്. മഴയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ കണക്കിൽപ്പെടുത്താൻ നിർമ്മാണ കമ്പനി പ്രതിനിധികൾ തത്രപ്പാട് കാണിക്കുകയാണ്. മലയുടെ താഴ് വാരം മണ്ണുമാന്തി അസ്ഥിരപ്പെടുത്തിയതിനാലാണ് മലയുടെ ഒരു ഭാഗം താഴോട്ടുപതിച്ചത്. ഈ പ്രദേശത്തെ വലിയൊരു മലനിരയുടെ താഴ്‌വാരച്ചെരിവ് തുരന്നെടുത്താണ് ഇവിടെ തുരങ്ക നിർമ്മാണപ്രവർത്തനം നടത്തുന്നത്. മലനിരയുടെ മുകൾഭാഗത്ത് വനപ്രദേശമാണ്. ഈ കുന്നിൽ നിന്ന് നാലുപാടും മഴവെള്ളം കുത്തിയൊഴുകും. മഴവെള്ളം പോകാനുള്ള ചാലുകൾ കുന്നിൻചെരിവിൽ കാണാം. ഈ വെള്ളമെല്ലാം തൊട്ടടുത്ത മീനാക്ഷി പുഴയിലേക്കാണ് ഒഴുകുന്നത്. മലനിരകളുടെ താഴ്‌വാരത്തെ ചുറ്റിയാണ് പുഴ ഒഴുകുന്നത്. പ്രകൃത്യാലുള്ള ജലപാതകളെ ഇല്ലാതാക്കിയാണ് മലയുടെ താഴ് വാരം കാർന്നെടുത്തത്.

 സിമന്റ് പൊതിഞ്ഞത് വിനയായി

തുരങ്ക പാത നിർമ്മിക്കുന്ന പ്രദേശത്ത് മലയടിവാരത്തെ തട്ടുകളാക്കി സിമന്റ് പൊതിഞ്ഞിട്ടുണ്ടെങ്കിലും ഇതൊന്നും കനത്തമഴയിൽ ചെരിവിനെ താങ്ങില്ല. മാത്രമല്ല തട്ടുകളാക്കി സിമന്റ് പൊതിഞ്ഞതിനാൽ കുതിർന്ന മണ്ണിലെ വെള്ളത്തിന് ഒഴുകിപ്പോകാനുമായില്ല. മലയിൽ നിന്നുള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞതിനാൽ മലഞ്ചെരുവിൽ വെള്ളം കെട്ടിക്കിടന്ന് മണ്ണിലേക്ക് ഊർന്നിറങ്ങി. ഇത് ചെരിവിനെ ദുർബലപ്പെടുത്തി. ചെരിവിലെ മണ്ണ് അപ്പാടെ ഇടിഞ്ഞുവീണു. താഴേക്ക് വീണ മണ്ണും വെള്ളവും കുത്തിയൊഴുകി, മീനാക്ഷി പാലത്തിന് മുകളിൽ വരെയെത്തി. ഇതിന്റെ ശക്തിയിലാണ് ബസും ടാങ്കർ ലോറിയും കുറേ ദൂരം വരെ നിരങ്ങി നീങ്ങിയത്. ബസ് പാലത്തിൽ നിന്ന് താഴേക്ക് വീഴുകയും ചെയ്തു. ഇതൊരു മനുഷ്യ നിർമ്മിത ഉരുൾ പൊട്ടലാണ്. മലയടിവാരം അശാസ്ത്രീയമായി തുരന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയതിന് വലിയ വില കൊടുക്കേണ്ടി വന്നു.

ഇവിടെ തൊഴിലെടുത്ത, അന്നം തേടിയ മനുഷ്യരും മണ്ണിനടിയിലായി. നീർച്ചാലുകളെല്ലാം തടസപ്പെടുത്തിയാണ് ഇവിടെ ചെരിവ് തുരന്ന മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിന് മുകളിൽ ടാർപോളിൻ പുതപ്പിച്ചു. ഈ വലിയ മൺകൂന പിന്നിലെ മലയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നുണ്ട്.

കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ച ഭാഗത്തിന് മുകളിലായി വെള്ളം താഴേക്ക് ഒഴുകുന്ന ' വി ' ആകൃതിയിലുള്ള മലയിടുക്ക് കാണാം. കനത്തമഴയിൽ ഇതിലൂടെ വെള്ളം, ചെറിയ വെള്ളച്ചാട്ടം കണക്കെ ഒഴുകും. ഇതിന്റെ ഒഴുക്ക് തടസപ്പെട്ടതും മലയിടിച്ചിലിന് കാരണമായി. ഇത് സ്വാഭാവിക ഉരുൾപൊട്ടലായി കമ്പനി ചൂണ്ടിക്കാട്ടിയതായി കണ്ടു.

പെയ്തത് 200 മില്ലിമീറ്ററിൽ അധികം മഴ

ദുരന്തത്തിന് തലേന്ന് റെഡ് അലർട്ട് ഉണ്ടാകുമ്പോൾ പെയ്യുന്ന 200 മില്ലിമീറ്ററിലധികം മഴയാണ് പെയ്തത്. നിർമ്മാണ സ്ഥലത്ത് ഈ വെള്ളത്തിന്റെ ഒഴുക്ക് മുഴുവൻ തടസപ്പെട്ടിരിക്കാം. മലയുടെ താഴ്‌വാരം തുരന്ന് നിർമ്മാണ പ്രവർത്തനം നടത്തുന്നത് മലയുടെ മുകൾത്തട്ട് ഇടിഞ്ഞു വീഴാൻ ഇടയാക്കുമെന്ന് മലയോരത്തെ ജനങ്ങൾക്കെല്ലാം അറിയാം. അടുത്തകാലത്തായി ഇത്തരത്തിൽ കുന്നിടിച്ച സ്ഥലങ്ങളിലെല്ലാം ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. വേനൽക്കാലത്ത് ഇത്തരത്തിൽ അടിവാരം തുരന്ന് വലിയ കെട്ടിടങ്ങളും വീടും നിർമ്മിക്കുന്നത് മഴക്കാലത്ത് ഉരുൾപൊട്ടലിന് ഇടയാക്കും. മുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതോടെ വെള്ളം മറ്റ് പല ഭാഗത്ത് കൂടി ഒഴുകും. മാത്രമല്ല മൺപാളിയിലുണ്ടായ വിള്ളലുകളിലൂടെ വെള്ളം ഊർന്നിറങ്ങി പാളിയെ ദുർബലപ്പെടുത്തും. ഇതോടെ മൺപാളി നിലം പൊത്തും. പാറയ്ക്കും മൺപാളിക്കുമിടയിൽ, കുഴമ്പുരൂപത്തിലുള്ള ചെളി ഉണ്ടാകുന്നതിനാലാണ് മണ്ണ് തെന്നി നീങ്ങുന്നത്. ഇങ്ങനെയാണ് ഉരുൾ പൊട്ടുക. മലനിരകളുടെ നാടായ വയനാട്ടിൽ ചെരിവുകളിലെ മണ്ണിന്റെ പാളിക്ക് കനം കൂടുതലാണ്. മാത്രമല്ല ഇവിടെ മിക്കയിടങ്ങളിലും ചെങ്കുത്തായ മലനിരകളുമാണ്. ഇത് രണ്ടും കനത്തമഴയിൽ ഉരുൾപൊട്ടലിന് സാഹചര്യമൊരുക്കുന്നു.

ഇരട്ടകുഴൽ തുരങ്ക പാത

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ തുരങ്ക പാതയാണിത്. പോകാനും വരാനുമായി രണ്ട് തുരങ്കങ്ങളുള്ള പാത. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മുതൽ വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെയുള്ള പാതയ്ക്ക് 8.17 കിലോമീറ്റർ നീളം വരും. പശ്ചിമഘട്ട മലനിരകൾ തുരന്നാണ് ഇത് നിർമ്മിക്കുന്നത്. തുരങ്ക റോഡ് പൂർത്തിയാകുന്നതോടെ കോഴിക്കോട്- വയനാട് യാത്രാ സമയം ഒരു മണിക്കൂർ വരെ കുറയും. ജിയോളജിക്കൽ - ജിയോ ടെക്‌നിക്കൽ പഠനം നടത്തിയാണ് നിർമ്മാണത്തിലേക്ക് കടക്കുന്നത്. കരിങ്കൽപ്പാറ തുരന്ന് മുന്നോട്ട് നീങ്ങുമ്പോൾ തുരങ്കത്തിനുള്ളിൽ പാറ ഇടിച്ചിലും ജലപ്രവാഹവും പലയിടങ്ങളിലും നിർമ്മാണ പ്രവർത്തനത്തെ ബാധിക്കും. പാറകൾക്കിടയിലെ വിള്ളലുകളിൽ പലതും ഭൂജല ശേഖര സ്ഥലങ്ങളായതിനാൽ വെള്ളത്തിന്റെ ഒഴുക്കുണ്ടാകും. വയനാട്ടിൽ തുരങ്ക നിർമ്മാണം തുടങ്ങിയിട്ടേയുള്ളൂ. തുരങ്കത്തിന് മുന്നിലെ ചെറിയ കുന്നുകൾ ഇടിച്ച് നിരത്തിയപ്പോഴുണ്ടായ അശാസ്ത്രീയതയാണ് ദുരന്തം ക്ഷണിച്ചു വരുത്തിയത്. കുന്നിൻ ചെരിവിൽ കനത്ത മഴയിൽ പെയ്യുന്ന വെള്ളം ഒഴുകിപ്പോകാൻ ശാസ്‌ത്രീയമായി ജലപാതകൾ ഉണ്ടാക്കിയില്ലെങ്കിൽ ഇവിടെ ഒരു ഭാഗത്ത് കൂട്ടിയിട്ട് ടാർപോളിൻ ഷീറ്റ് പൊതിഞ്ഞ മണ്ണും കുത്തിയൊഴുകും. അതിനാൽ ഭൗമോപരിതല നിരീക്ഷണവും പഠനവും അത്യാവശ്യമാണ്. നിലവിൽ തുരങ്കത്തിന്റെ പണി നിറുത്തിവയ്ക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്.

പാരിസ്ഥിതിക ആഘാത പഠനം

തുരങ്കപാത നിർമ്മിക്കുന്ന പ്രദേശത്തിന്റെ പാരിസ്ഥിതിക ആഘാത പഠനം അവിടെയുണ്ടാകാൻ ഇടയുള്ള എല്ലാ ആഘാതങ്ങളുടെയും ചൂണ്ടുപലകയാണ്. മാത്രമല്ല ആ പ്രദേശത്തെ ഭൗമോപരിതല, ജൈവ വൈവിദ്ധ്യ വിശദീകരണം കൂടിയാകും ഈ രേഖ. ഭൂമുഖം, വായു, ജലം, പക്ഷിമൃഗാദികൾ, സസ്യജാലങ്ങൾ എന്നിവയ്ക്ക് കോട്ടം തട്ടുന്ന ഘടകങ്ങൾ വളരെ സൂക്ഷ്മതയോടെ വിശകലനം ചെയ്യപ്പെടും. ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാൽ പദ്ധതി തന്നെ ഉപേക്ഷിക്കാൻ ഈ വിശകലനത്തിൽ ആവശ്യപ്പെടാം. പദ്ധതിക്ക് അനൂകൂല ഘടകങ്ങളാണ് കൂടുതലെങ്കിൽ പ്രതികൂല ഘടകങ്ങളെ തരണം ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഇതിൽ വിശദമായി പ്രതിപാദിക്കും. ജനങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത പദ്ധതികളാണെങ്കിൽ ഇത്തരം ഘടകങ്ങൾ തരണം ചെയ്യാനുള്ള നിർദ്ദേശം വീണ്ടും പഠനവിധേയമാക്കും.

( ഭൗമശാസ്‌ത്ര നിരീക്ഷകനാണ് ലേഖകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA