
കൊച്ചി: ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി എന്നിവയുടെ സ്ഥാപകനും മുതിർന്ന ആർ.എസ്.എസ് പ്രചാരകനുമായ എം.എ. കൃഷ്ണൻ (എം.എ. സാർ, 97) നിര്യാതനായി. അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് എളമക്കരയിലെ മാധവനിവാസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ഇന്ന് രാവിലെ 10ന് കൊല്ലം ഐവർകാല പുത്തനമ്പലം വള്ളിത്തുണ്ടിൽ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ.
അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശൻ, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണ സംഘടനയായ സൗരക്ഷിക എന്നിവ വിഭാവനം ചെയ്തത് അദ്ദേഹമാണ്. ആർ.എസ്.എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാർ പ്രമുഖ്, കേസരി പത്രാധിപർ എന്നീ ചുമതലകളും ദീർഘകാലം വഹിച്ചു.
കൊല്ലം ഐവർകാല കരിമ്പിൻപുഴ മറവുത്തോട്ടത്തിൽ ലക്ഷ്മിഅമ്മയുടെയും മംഗലത്തു പത്മനാഭന്റെയും മകനാണ്.
1964ൽ കേസരി പത്രാധിപരായി. 2008ൽ കൊൽക്കത്തയിലെ ബഡാബസാർ ലൈബ്രറിയുടെ വിവേകാനന്ദ സേവാസമ്മാൻ ലഭിച്ചു. വീരശ്രീ വേലുത്തമ്പി സ്മാരക സേവാ സമ്മാനമടക്കം നിരവധി ആദരവുകൾ നേടിയിട്ടുണ്ട്.
കേരളത്തിൽ ബാലദിനോത്സവമായി മാറിയ ജന്മാഷ്ടമി ശോഭായാത്രകൾ, ബാലഗോകുലത്തിന്റെ ജ്ഞാനയജ്ഞങ്ങൾ, കന്യാകുമാരി മുതൽ ഗോകർണം വരെ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തിൽ തപസ്യ നയിച്ച സാംസ്‌കാരിക തീർത്ഥയാത്ര, ബാലമഹാസമ്മേളനങ്ങൾ തുടങ്ങിയവ അദ്ദേഹം ആവിഷ്‌കരിച്ചതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |