
ആലപ്പുഴ: ഹൗസ്‌ബോട്ടിൽ നിന്ന് പുന്നമട കായലിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട് തുത്തുക്കുടി ചിന്നമണി സ്വദേശി ഉലകനാഥന്റെയും അരുണയുടെയും മകൻ സുഗൻ തിരുനാവ് കരിശാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12ന് പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിലായിരുന്നു സംഭവം.
ആലപ്പുഴ സ്വദേശിയായ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള റെഡ് കാസിൽ വരാഹി (ലോണ) എന്ന ബോട്ടിലാണ് വിനോദയാത്രയ്ക്കെത്തിയ ആറംഗസംഘം കയറിയത്. മുതിർന്നവർ ലഗേജുമായി മുറികളിലേക്ക് പോയ സമയം ബോട്ടിന്റെ മുൻഭാഗത്തു നിന്നിരുന്ന സുഗൻ കായലിലേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ ബോട്ടിലെ ജീവനക്കാരും സമീപവാസികളും ചേർന്ന് കുട്ടിയെ വെള്ളത്തിൽനിന്ന് കരയ്ക്കെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ഫയർഫോഴ്സും ആലപ്പുഴ നോർത്ത് പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഉലകനാഥന്റെ മൂത്ത മകൾ, ഉലകനാഥന്റെ സഹോദരൻ, ഭാര്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. വിഷ്ണുവെന്നയാൾ വാടകയ്ക്കെടുത്താണ് ഹൗസ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്രുമോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |