SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.32 PM IST

അഞ്ചുമാസം കഴിഞ്ഞപ്പോൾ ജനങ്ങൾക്ക് യുഡിഎഫ് സർക്കാരിനോടുള്ള മമത കുറഞ്ഞോ? ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്

vd-satheesan
മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി അഞ്ചുമാസമാകുമ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീ​റ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീ​റ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി 20 വിജയം നേടി. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീ​റ്റുകളും എൽഡിഎഫിന് 15 സീ​റ്റുകളുമാണ് ഉണ്ടായിരുന്നത്.

ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനിൽ കല്ലറ ഡിവിഷൻ നിലനിറുത്താൻ യുഡിഎഫിനായി. എന്നാൽ കയ്യിലുണ്ടായിരുന്ന കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിന് നഷ്ടമായി. നിലവിലെ വാമനപുരം എംഎൽഎ സുധീർഷാ പാലോട് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച കല്ലറ ഡിവിഷനിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഏറക്കുറെ പകുതിയായ കുറഞ്ഞിട്ടുണ്ട്. ഇതേ അവസ്ഥയാണ് യുഡിഎഫ് വിജയിച്ച ഭൂരിഭാഗം സ്ഥലങ്ങളുടെയും അവസ്ഥ.

സംസ്ഥാനം ഉറ്റുനോക്കിയിരുന്ന ചില സിറ്റിംഗ് സീറ്റുകൾ നഷ്ടമായത് യുഡിഎഫിന് കനത്ത തിരിച്ചടിയായി. ഇതിൽ ഏറ്റവും പ്രധാനം രമ്യാഹരിദാസിന്റെ ചിറയിൻകീഴ് മണ്ഡലത്തിലെ രണ്ട് സീറ്റുകളാണ്. മംഗലപുരം മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിന് നഷ്ടമായതിനൊപ്പം അഞ്ചുതെങ്ങ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും യുഡിഎഫിന് നഷ്ടമായി. ഒരുവാർഡ്കൂടി ലഭിച്ചതോടെ എൽഡിഎഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവുമായി. കയ്യാങ്കളി വിവാദമാണ് മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയായത്.

തിരുവനന്തപുരത്തിന് പുറമേ പാലക്കാട് ജില്ലയാണ് യുഡിഎഫിന് കനത്ത പ്രഹരമേൽപ്പിച്ച മറ്റൊരു ജില്ല. രണ്ടുസീറ്റുകൾ ഇവിടെ എൽ ഡി എഫ് പിടിച്ചെടുത്തപ്പോൾ യുഡിഎഫിന് നേടാനായത് വെറും ഒരു സീറ്റുമാത്രമാണ്. സുമേഷ് അച്യുതൻ എം എൽ എ ഒഴിഞ്ഞ ചി​റ്റൂർ പരുത്തിക്കാവ് വാർഡ് എൽ ഡി എഫ് സ്വന്തമാക്കി. ഇരുകൂട്ടരും ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പാണ് എൽ ഡി എഫിന് തുണയായത്. ആലത്തൂരിലും വിജയം എൽഡിഎഫിനായിരുന്നു.

ഫാത്തിമ തെഹ്‌ലിയ, ഉഷ വിജയൻ എന്നിവർ എം എൽ എ ആയതോടെ ഒഴിവുവന്ന സീ​റ്റുകൾ യു ഡി എഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ കനത്ത കുറവുണ്ടായി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ യു ഡി എഫ് നിലനിർത്തിയെങ്കിലും ഉഷ വിജയൻ എം എൽ എ കഴിഞ്ഞ തവണ നേടിയ 1055 വോട്ടിന്റെ ലീഡ് ഇത്തവണ 331 ആയി ഇടിഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കു​റ്റിച്ചിറ വാർഡിൽ ലീഗിലെ ഫർസീന അറക്കൽ 436 വോട്ടിന് ജയിച്ചെങ്കിലും മുൻപ് ഫാത്തിമ തെഹ്‌ലിയ നേടിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ നാലിലൊന്ന് നേടാനേ ആയുള്ളൂ.

സർക്കാരിനോടുള്ള മമത കുറഞ്ഞോ?

വൻ പ്രതീക്ഷയാേടെയാണ് സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിനെ ജനങ്ങൾ അധികാരത്തിലേറ്റിയത്. ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിന് ജനങ്ങൾ നൽകിയ ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നതിൽ തെറ്റില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ലോഡ് ഷെഡിംഗ്, സ്ത്രീസുരക്ഷാ പെൻഷൻ മരവിപ്പിച്ചത് എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ തിരിച്ചടിക്ക് കാരണമായിചൂണ്ടിക്കാണിക്കാം. ഇതിനൊപ്പം സർക്കാരിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളും.

ലോഡ് ഷെഡിംഗാണ് തിരിച്ചടിക്ക് പ്രധാനകാരണം. എൽഡിഎഫ് ഭരിച്ച പത്തുവർഷവും ലോഡ് ഷെഡിംഗ് ഇല്ലായിരുന്നു. കടുത്തവേനലിൽ വൈദ്യുത ഉപഭോഗം കൂടിയപ്പോൾ അതിന് ലോഡ് ഷെഡിംഗ് അല്ലാതുള്ള പോംവഴി കണ്ടെത്താൻ അന്നത്തെ സർക്കാരിന് കഴിഞ്ഞിരുന്നു. എന്നാൽ അത്തരമൊരു പോംവഴി കണ്ടെത്താൻ പുതിയ സർക്കാരിനായില്ല. അതിന് ശ്രമിക്കാതെ എല്ലാം നേരത്തേയുണ്ടായിരുന്ന എൽഡിഎഫ് സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കാണ് മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെ ശ്രമിച്ചത്. ഇതെല്ലാം കാര്യക്ഷമതയുടെ കുറവായി ജനം കരുതിയിട്ടുണ്ടാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

എൽഡിഎഫിന് വീര്യം കൂടും

മൂന്നാമൂഴം പ്രതീക്ഷിച്ച് അങ്കത്തിനിറങ്ങിയ എൽഡിഎഫിന് ചരിത്രത്തിൽ ഇതുവരെയില്ലാത്ത തോൽവിയായിരുന്നു ജനങ്ങൾ സമ്മാനിച്ചത്. അതിന്റെ ആഘാതത്തിൽനിന്ന് പുറത്തുകടക്കാൻ അവർക്കായിരുന്നില്ല. നീണ്ട ഒരിടവേളയ്ക്കുശേഷം സിപിഎമ്മിൽ വീണ്ടും ഉൾപാർട്ടി പോര് ശക്തമാവുകയും ചെയ്തു. ഇതിന്റെയെല്ലാം ആഘാതത്തിൽനിന്ന് കരകയാൻ എൽഡിഎഫിനെയും സിപിഎമ്മിനെയും സഹായിക്കുന്ന ഒരു ഉത്തേജക ഔഷധമായിരിക്കും ഇപ്പോഴത്തെ ഈ വിജയം എന്നുകരുതുന്നവരും ഏറെയുണ്ട്.

English Summary

Kerala's V.D. Satheesan-led UDF government faced a significant setback in recent by-elections across 38 wards. UDF won 19 seats, while LDF secured 18, and Twenty20 took one. Crucially, the UDF lost several sitting seats and witnessed reduced majorities in retained wards, shifting the political landscape from its previous holding of 22 seats.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF GOVERNMENT KERALA, KERALA BY ELECTION RESULTS, UDF GOVERNMENT POPULARITY, LOCAL BODY BY ELECTION, KERALA POLITICAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA