SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.59 PM IST

കോഴ ആരോപണം പണം നൽകി തീർക്കാൻ ശ്രമം: പ്രതിപക്ഷം, ക്രമക്കേട് നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION
cm

തിരുവനന്തപുരം: പി.എസ്.സി അംഗമാക്കാമെന്ന വാഗ്ദാനം നൽകി കോഴ വാങ്ങിയെന്ന ആരാേപണത്തിൽ കഴമ്പില്ലെങ്കിൽ പൊലീസ് തിങ്കളാഴ്ച ഡോക്ടർ ദമ്പതികളുടെ മൊഴിയെടുത്തത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ മുഖ്യമന്ത്രിയോട് ചോദിച്ചു. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ എന്തിനാണ് ഈ ആരോപണം പാർട്ടിയും സർക്കാരും അന്വേഷിക്കുമെന്ന് പറഞ്ഞത്?

വാങ്ങിയ പണം തിരിച്ചു നൽകി പ്രശ്‌നം തീർക്കാനാണ് ശ്രമം. ഗുരുതരമായ കുറ്റമാണത്. മുഖ്യമന്ത്രിയാണ് പി.എസ്.സിയെ കരിവാരിത്തേച്ച് വിശ്യാസ്യത ഇല്ലാക്കുന്നത്. കാശ് വാങ്ങിയ പാർട്ടിക്കാരെ സംരക്ഷിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട്. ഭരണഘടനാസ്ഥാപനമായ പി.എസ്.സിയെ സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന ഗുരുതര ആരോപണമായിട്ടും കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മാദ്ധ്യമവാർത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടായതായി

ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഒരാശങ്കയും വേണ്ട. കടുത്ത നടപടിക്ക് തയ്യാറാണ്. ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ കരിവാരി തേയ്ക്കാൻ ശ്രമിക്കരുത്.

പ്രതിപക്ഷ നേതാവിന് സബ്മിഷൻ ഉന്നയിക്കാൻ ഇന്നലെ രാവിലെ 8.21ന് കോഴിക്കോട് പൊലീസ് കമ്മിഷണർക്ക് യൂത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ-മെയിൽ അയച്ചതായും ഇതാണ് ആദ്യം കിട്ടിയ പരാതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പരാതിവേണമല്ലോ എന്ന കൃത്യമായ ധാരണയോടെ തയ്യാറാക്കിയതാണ് അതെന്ന് ആർക്കും മനസിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത്കോൺഗ്രസിന്റെ പരാതി താൻ അറിഞ്ഞിട്ടില്ലെന്ന് സതീശൻ പറഞ്ഞു.

പി എസ് സി അംഗങ്ങളെക്കുറിച്ച് വലിയ ആക്ഷേപങ്ങളൊന്നും ഉയർന്നുവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2004ലെ വലിയ വിവാദം കെ.കരുണാകരൻ, ഉമ്മൻചാണ്ടി, ആര്യാടൻമുഹമ്മദ്, വക്കം പുരുഷോത്തമൻ എന്നിവരുമായി ബന്ധപ്പെട്ടതായിരുന്നു.

യു.ഡി.എഫ് കാലത്താണ് അംഗങ്ങളുടെ എണ്ണമുയർത്തിയത്. 1982ൽ 9പേരായിരുന്നു. 1983ൽ-13, 1984ൽ-15, 2005ൽ-18, 2013ൽ-21 ആക്കി. ഇതെല്ലാം യു.ഡി.എഫ് ഭരണകാലമാണ്. 2016ൽ 21അംഗങ്ങൾ വേണോയെന്ന് പരിശോധിച്ചു. ധാരാളം റിക്രൂട്ട്മെന്റുകളുണ്ടെന്ന വാദഗതി അംഗീകരിക്കുകയായിരുന്നു.

ബഹളമുണ്ടാക്കാൻ

മന്ത്രിമാരും

സബ്മിഷനിൽ വാക്കൗട്ട് പ്രസംഗത്തിന് വി.ഡി.സതീശനെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിളിച്ചതോടെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, വി.ശിവൻകുട്ടി, കെ.രാജൻ എന്നിവരും സി.പി.എം അംഗങ്ങളും ബഹളംവച്ച് എഴുന്നേറ്റു. പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റ് ബഹളംതുടങ്ങി. വി.എസ് അച്യുതാനന്ദനടക്കം സബ്മിഷനിൽ വാക്കൗട്ട് പ്രസംഗം അനുവദിച്ച മുൻകാല സംഭവങ്ങൾ സതീശൻ ചൂണ്ടിക്കാട്ടി. ധനമന്ത്രി പുതിയആളായതിനാലാവും ഇത് അറിയാത്തതെന്ന് സതീശൻ പറഞ്ഞതോടെ ബഹളം കടുത്തു. ബഹളത്തിനിടെ പ്രസംഗം തുടർന്ന സതീശൻ വാക്കൗട്ട് പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA