തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണ നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി ഡിജിപിക്ക് കത്ത് അയച്ചത്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി. വീണ വഴി സിഎംആർഎൽ – എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയത്.
ഈ കത്ത് അനുസരിച്ച് കേസെടുക്കുന്ന കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ഗൗരവമുള്ള കാര്യങ്ങളാണ് ഇ ഡി കൈമാറിയതെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഇ ഡി ആയതുകൊണ്ട് തിരിച്ചയയ്ക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിന് അപ്പുറമുള്ള കാര്യങ്ങൾ ഇ.ഡി നൽകിയ കത്തിലുണ്ട്. ന്യായീകരിക്കാൻ മാത്രമാണ് സിപിഎം നടക്കുന്നത്. സിപിഎം ഇപ്പോൾ പ്രതിരോധത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി സന്ദർശനവേളയിൽ രാഹുൽ ഗാന്ധിയുമായി പി എം ശ്രീ പദ്ധതി ചർച്ചചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 'ഞാനോ രാഹുൽ ഗാന്ധിയോ ഈ വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. പിന്നെ എവിടെന്നാണ് വാർത്ത ഉണ്ടായത്'- മുഖ്യമന്ത്രി ചോദിച്ചു.
തന്നെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിനോട് യാതൊരു വിരോധവും ഇല്ലെന്നും അദ്ദേഹത്തോട് ക്ഷമിച്ചെന്നും വി ഡി സതീശൻ പറഞ്ഞു. ജയിലിൽ നിന്ന് പുറത്തുവന്ന ശേഷം ചേന്തി അനിൽ ക്ഷമ ചോദിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വലുതാകുകയും ഞാൻ ചെറുതാകുകയുമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ച നടത്തുന്നുണ്ടെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കാലത്തെ കരാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്. ഇപ്പോൾ കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങേണ്ടിവരുന്നതെന്നും ആവശ്യകത മുൻവർഷത്തേക്കാൾ കൂടിയതായും മുഖ്യമന്ത്രി പറഞ്ഞു.
Kerala Opposition Leader V.D. Satheesan said the government will legally examine the ED’s recommendation to register a case against Pinarayi Vijayan over alleged financial irregularities involving the CMRL-Exalogic deal. He said the ED’s allegations are serious and denied any political motive. Satheesan also clarified that PM SHRI was not discussed with Rahul Gandhi and said he had forgiven Congress leader Chendi Anil.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |