
കോട്ടയം : കാലിഫോർണിയയിൽ 2 മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ (മിഥുൻ) ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശ്ശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് - സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ബന്ധുക്കൾ അറിയിച്ചു. വെള്ളിയാഴ്ച കാലിഫോർണിയയിലെ മിൽപിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം. അഞ്ജനയെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് വിളിച്ചുവരുത്തിയ ശേഷം കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. കാർ നിറുത്താതെ പോയി. ഇളയമകളെ സ്‌കൂളിൽ നിന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ട് ആനിയെ ജേക്കബ് ഫോണിൽ വിളിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടർന്ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് ബാത്ത്‌റൂമിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനിയും ഭർത്താവ് ജേക്കബും എട്ട് വർഷമായി കാലിഫോർണിയയിലാണ് താമസം. ആൻഡ്രീന (10 വയസ്), അലീസാ (5 വയസ്) എന്നിവരാണ് മക്കൾ. ആനിയുടെ സംസ്‌കാരം പിന്നീട്. അഞ്ജനയും ഭർത്താവ് വിജീഷും എട്ടുവർഷമായി കാലിഫോർണിയയിലാണ്. ഏകമകൾ : വാമിക.
കൊലയ്ക്ക് കാരണം ജോലി നഷ്ടപ്പെട്ടതിലെ നിരാശ ?
മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് ജേക്കബിന്റെ ബന്ധുക്കൾ പറഞ്ഞു. ഐ.ടി ഫീൽഡിലാണ് ആനിയും ജേക്കബും ജോലി ചെയ്യുന്നത്. രണ്ടാഴ്ച മുൻപാണ് ആനിയ്ക്ക് ജോലി ലഭിച്ചതും വർക്ക് പെർമിറ്റ് ലഭിച്ചതും. അതേസമയം, അനിലയുടെ അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്നുണ്ടായ നിരാശയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |