
തിരുവനന്തപുരം: ഐ.ടി.ഐ, പോളിടെക്നിക് കോഴ്സുകൾ പാസായവർക്ക് നാലു വർഷ ബിരുദത്തിന് പ്രവേശനം നേടാൻ പ്ലസ്ടു വേണ്ടെന്ന് സർക്കാർ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്. ഐ.ടി.ഐ ജയിച്ചാൽ ഒന്നാം വർഷ ബിരുദത്തിനും, മൂന്നുവർഷ പോളിടെക്നിക് ഡിപ്ലോമയുള്ളവർക്ക് ബിരുദം രണ്ടാം വർഷത്തിനും പ്രവേശനം നേടാം. പോളിടെക്നിക് ഡിപ്ലോമയുള്ളവർക്ക് നിലവിൽ ബിടെക് രണ്ടാം വർഷത്തിന് ചേരാൻ അവസരമുണ്ട്. ഐ.ടി.ഐക്കാർ നിർദ്ദിശിഷ്ട ഭാഷാ കോഴ്സുകൂടി പാസായാലാണ് ബിരുദ പ്രവേശനം. യുജിസിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്ക് മാനദണ്ഡമാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
പ്ലസ്ടു യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഉന്നത പഠനങ്ങൾക്ക് ഡിപ്ലോമയുള്ളവരെയും പരിഗണിക്കണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയിരുന്നു. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്റ്റേറ്റ് ലെവൽ അക്കാഡമിക് കമ്മിറ്റി പരിശോധിച്ചു. പ്ലസ് ടുവിന് ശേഷമുള്ള രണ്ടുവർഷ പോളിടെക്നിക് ഡിപ്ലോമയും , പത്താം ക്ലാസിന് ശേഷമുള്ള മൂന്ന് വർഷ പോളിടെക്നിക് ഡിപ്ലോമയും ബിരുദത്തിന്റെ ഒന്നാം വർഷം പൂർത്തിയാക്കുന്നതിന് തുല്യമാണെന്ന് കൗൺസിൽ വിലയിരുത്തി. പത്താം ക്ലാസ് കഴിഞ്ഞുള്ള ഐ.ടി.ഐ യോഗ്യതയും നിർദ്ദിഷ്ട 12 ക്രെഡിറ്റ് ഭാഷാ ഘടകവും പൂർത്തിയാക്കുന്നത് ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യതയാവും.
സ്റ്റേറ്റ് ബോർഡ് ഒഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന പത്താം ക്ലാസിന് ശേഷമുള്ള മൂന്ന് വർഷ സാങ്കേതിക ഡിപ്ലോമയോ സർക്കാർ അംഗീകരിച്ച തത്തുല്യമായ സാങ്കേതിക യോഗ്യതയോ ഉള്ളവർക്ക് നാലു വർഷ ബിരുദത്തിന്റെ രണ്ടാം വർഷത്തേക്ക് നേരിട്ട് പ്രവേശനം നേടാം. പ്ലസ് ടുവിന് ശേഷം സ്റ്റേറ്റ് ബോർഡ് ഒഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന രണ്ട് വർഷത്തെ ഡിപ്ലോമ (ലാറ്ററൽ എൻട്രി) അല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇതിന് തുല്യമായി അംഗീകരിച്ച മറ്റേതെങ്കിലും സാങ്കേതിക യോഗ്യതയുള്ളവർക്കും ഈ ആനുകൂല്യമുണ്ട്. 2027–28 അക്കാഡമിക് വർഷം മുതലാണ് ഇവ പ്രാബല്യത്തിലാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |