SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.04 PM IST

കൊന്നും തിന്നും രാസ ലഹരി, എം.ഡി.എം.എ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം

READ ENGLISH VERSION

ff

 കുഞ്ഞുമകന്റെ ദേഹത്ത്
ഒളിപ്പിച്ച് വിറ്റയാൾ പിടിയിൽ

കോഴിക്കോട്/ തിരുവല്ല : രാസലഹരി ഉപയോഗവും അക്രമവും അനുദിനം വർദ്ധിക്കെ, പൊലീസിനെ കണ്ട് എം.ഡി.എം.എ വിഴുങ്ങിയ യുവാവ് മരണത്തിനു കീഴടങ്ങി. പത്തു വയസുള്ള മകന്റെ ശരീരത്തിലൊളിപ്പിച്ച് എം.ഡി.എം.എ വിൽക്കുന്ന പിതാവും കേരളത്തിലുണ്ടെന്ന ഞെട്ടിക്കും വാർത്തയും ഇന്നലെ വന്നു.

താമരശ്ശേരി അമ്പായത്തോട് സ്വദേശി ഇയ്യാടൻ ഷാനിദിന്റെ(28) ജീവനാണ് ലഹരി എടുത്തത്. മകനെ മറയാക്കിയ കൊടുംക്രൂരൻ തിരുവല്ല ദീപ ജംഗ്ഷൻ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ( 39) അറസ്റ്രിലുമായി.

വെള്ളിയാഴ്ച രാവിലെയാണ് ഷാനിദ് രണ്ട് പൊതി എം.ഡി.എം.എ വിഴുങ്ങിയത്. ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 11.20ന് മരിച്ചു. ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ്. അമ്പായത്തോട് പാറമ്മൽ പള്ളിക്കു സമീപം പൊലീസിനെ കണ്ടതോടെയാണ് പൊതികൾ വിഴുങ്ങിയത്. രണ്ട് വർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. വില്പനയും നടത്തിയിരുന്നു.

സി.ടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലാണ് വയറിൽ വെള്ള തരികളടങ്ങിയ പായ്ക്കറ്റുകൾ കണ്ടെത്തിയത്. അമർത്തി ഒട്ടിക്കാവുന്ന പ്ളാസ്റ്റിക് കവറിൽ നിന്ന് എം.ഡി.എം.എ അലിഞ്ഞ് രക്തത്തിൽ കലർന്നതാണ് മരണകാരണം.

ഷാനിദിന്റെ വീട് എക്സെെസ് പരിശോധിച്ചെങ്കിലും ലഹരിമരുന്നൊന്നും കണ്ടെത്താനായില്ല. താമരശ്ശേരി ഡിവെെ.എസ്.പി പി.കെ. സുഷീറിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പിതാവ്: സലീം. മാതാവ്: സഹീറ. സഹോദരങ്ങൾ: മാഷിദ, ഷാമിൽ.

അന്തർമുഖൻ

അവിവാഹിതനാണ് ഷാനിദ്. കുറച്ചു നാൾ ഗൾഫിലായിരുന്നു. എട്ടു വർഷമായി ടിപ്പർ ഡ്രെെവറാണ്. ആരോടും അധികം സംസാരിക്കാറില്ല. അടുത്ത സുഹൃദ്ബന്ധങ്ങളുമില്ല. അമ്മൂമ്മ ഫാത്തിമയുടെ വീട്ടിലായിരുന്നു കുറച്ചുകാലമായി താമസം. രാത്രി വെെകിയാണ് വീട്ടിലെത്തിയിരുന്നത്.

മകന്റെ ദേഹമാകെ

സെല്ലോ വച്ച് ഒട്ടിച്ച്...

അഞ്ചാം ക്ളാസുകാരനെ സ്കൂളിൽ കൊണ്ടുപോകുന്നതിന്റെ മറവിലായിരുന്നു ഷെമീർ എം.ഡി.എം.എ കച്ചവടം നടത്തിവന്നത്. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് സെല്ലോ ടേപ്പ് ഉപയോഗിച്ച് മകന്റെ ശരീരത്തിൽ ഒട്ടിക്കും. കാറിലോ ബൈക്കിലോ പോകും. ലഹരിക്കടിമയായ ഇയാളെ ഭാര്യ ഉപേക്ഷിച്ചുപോയി. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ എത്തിച്ചു നൽകാറുണ്ടെന്ന് ഇയാൾ സമ്മതിച്ചു. വിദ്യാർത്ഥികളെ ഏജന്റുമാരുമാക്കി. ചുമത്രയിലെ പിതാവിന്റെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് അറസ്റ്റിലായത്. 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൂടുതൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി എസ്.അഷാദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUG CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA