
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസിനും ഉൾപ്പെടെയുള്ളവർക്കെതിരായ മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളിൽ ഇ.ഡിയിൽ നിന്ന് വിവരം തേടാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിന്റെ മേൽനോട്ടത്തിലും എസ്.പി പി.വിക്രമന്റെ നേതൃത്വത്തിലുമുള്ള സംഘം ഇന്നലെ യോഗം ചേർന്നു. ഇ.ഡി ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ എസ്.പി വിക്രമനെ ചുമതലപ്പെടുത്തി.
ഇ.ഡിയുടെ പക്കലുള്ള രേഖകൾ ശേഖരിക്കും. ഇതടക്കം പരിശോധിച്ച ശേഷം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും. അതിനു ശേഷമാവും പിണറായിയുടെയും റിയാസിന്റെയും മൊഴിയെടുക്കുക. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കൾക്കെതിരെയും അന്വേഷണമുണ്ടാവും.
റിയാസുമായി ബന്ധമുണ്ടെന്ന് ഇ.ഡി പറയുന്ന ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരിസ്, വി.പി.ഫൈജാസ്, എം.നന്ദുലാൽ എന്നിവരുൾപ്പെടെ കത്തിൽ പരാമർശിക്കുന്നവരെ കുറിച്ചും അന്വേഷിക്കും. സി.എം.ആർ.എൽ കമ്പനിയിലെ ഉദ്യോഗസ്ഥരടക്കം അന്വേഷണ പരിധിയിലുണ്ട്.
കരിമണൽ കമ്പനിയിൽ നിന്നുള്ള മാസപ്പടിയും ദുബായിലേക്കുള്ള ഹവാലയിടപാടുമടക്കമാണ് ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം അന്വേഷിക്കുന്നത്. തെളിവുണ്ടെങ്കിൽ കേസെടുക്കാനാണ് തീരുമാനം.
എസ്.ഐ.ടി:
ഉത്തരവിറങ്ങി
മാസപ്പടി ആരോപണങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഡി.ജി.പി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് കോഴിക്കോട് എസ്.പി പി.വിക്രമൻ, എറണാകുളം റേഞ്ച് ഡിവൈ.എസ്.പി കെ.വി.ബെന്നി, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.എം. പ്രദീപ്കുമാർ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈ.എസ്.പി എൻ.ബിജു, സൈബർ പൊലീസ് ഇൻസ്പെക്ടർ എസ്.ബിനോജ്, ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ കെ.ബിജുലാൽ, കോഴിക്കോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർമാരായ ടി.ഡി.മനോജ് കുമാർ, സി.എസ്.ഷാരോൺ, തിരുവനന്തപുരം സിറ്റി ഡി.എച്ച്.ക്യുവിലെ ഇൻസ്പെക്ടർ കെ.ജി ശങ്കരൻ പോറ്റി എന്നിവരാണ് സംഘത്തിലുള്ളത്. സൈബർ ഓപ്പറേഷൻസ് എസ്.പി അങ്കിത് അശോകൻ എസ്.ഐ.ടിക്ക് സൈബർ സഹായം നൽകും. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് മേധാവിക്ക് നിയോഗിക്കാമെന്നും ഡി.ജി.പിയുടെ ഉത്തരവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |