
മാനന്തവാടി : പരമ്പരാഗത നെൽവിത്തുകളുടെ രക്ഷകൻ പദ്മശ്രീ ചെറുവയൽ രാമന്റെ ഭൗതികശരീരം ജന്മനാട്ടിലെ മണ്ണ് ഏറ്റുവാങ്ങി. ഇന്നലെ വൈകിട്ട് 2.30ന് ചെറുവയലിലെ കൊടുമയിൽ സമുദായ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം അടക്കം ചെയ്തത്. രാമൻ പ്രാഥമിക വിദ്യാഭ്യാസം ചെയ്ത കമ്മന നവോദയം എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. നെല്ലച്ഛനെ അവസാനമായി കാണാൻ നാടാകെ ഒഴുകിയെത്തുകയായിരുന്നു. ഗവർണർക്കും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കളക്ടർ വി.ചെൽസാ സിനിയും റവന്യു വകുപ്പിനുവേണ്ടി സബ് കളക്ടർ അതുൽ സാഗറും പുഷ്പചക്രം അർപ്പിച്ചു. മന്ത്രി ടി.സിദ്ദിഖ് സംസ്കാര ചടങ്ങുകൾ ക്രമീകരിച്ചു.
ഉഷാവിജയൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രിമാരായ ഒ.ആർ. കേളു, പി.കെ. ജയലക്ഷ്മി, എ.കെ. ശശീന്ദ്രൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ജില്ല പൊലീസ് മേധാവി ദേവ മനോഹർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
കൊടുമയിൽ, മൂത്തോത്ത, നെട്ടറ തുടങ്ങിയ കുറിച്ച്യ തറവാട്ടിലെ കാരണവന്മാരായ ചന്ദ്രൻ, പ്രഭാകരൻ, ചന്തു എന്നിവരുടെ നേതൃത്വത്തിൽ ചെറുവയൽ രാമന്റെ മൂത്ത മകൻ രമേശൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ നിർവഹിച്ചു. കഴുത്തിലണിഞ്ഞിരുന്ന പദ്മശ്രീ പതക്കവും കാതിലെ കടുക്കനും മൃതദേഹത്തിൽ നിന്ന് അഴിച്ചുമാറ്റി മകളെ ഏൽപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |