SignIn
Kerala Kaumudi Online
Friday, 26 June 2026 8.41 PM IST

ജനവാസമേഖലയില്‍ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചു; വനമേഖലയിലേക്ക് തിരിച്ചുവിട്ടു

READ ENGLISH VERSION
elephant

കൊച്ചി: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. മലയാറ്റൂര്‍ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഏതാനും ആഴ്ചകളായി ഭീതിപരത്തിയ മോഴയാനയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വെച്ച് ചികില്‍സ നല്‍കിയ ശേഷം കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് നടപടി.

വ്യാഴാഴ്ച ( ജൂണ്‍ 25) രാവിലെ 5.30-ഓടെയാണ് വെറ്ററിനറി ഡോക്ടര്‍മാരായ ഡോ. ബിനോയ് സി. ബാബു (എ.വി.എഫ്.ഒ, അഭയാരണ്യം ആന പുനരധിവാസ കേന്ദ്രം, കോടനാട്), ഡോ. മിഥുന്‍ ഒ.വി (എ.വി.എഫ്.ഒ, തൃശൂര്‍) എന്നിവരുടെ നേതൃത്വത്തില്‍ ദൗത്യം ആരംഭിച്ചു. 8.30-ഓടെ ആനക്ക് ആദ്യ മയക്കുവെടി വെച്ചെങ്കിലും ആന വനത്തിനുള്ളിലേക്ക് നീങ്ങി. തുടര്‍ന്ന് ഉച്ചക്ക് 2.00 നും വൈകിട്ട് 3.30-നും വീണ്ടും മയക്കുവെടി വെച്ച് ആനയെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുകയായിരുന്നു.

നിയന്ത്രണവിധേയമാക്കിയ ആനയെ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചപ്പോള്‍ ഇടതുവശത്തെ മുന്‍ നിരപ്പല്ലിന്റെ ഭാഗത്ത് ഗുരുതരമായ ക്ഷതം കണ്ടെത്തി. പരുക്ക് സ്‌ഫോടകവസ്തു കടിച്ചതുമൂലം ഉണ്ടായതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരുക്കേറ്റ ഭാഗം വൃത്തിയാക്കി അണുബാധ ഒഴിവാക്കുന്നതിനാവശ്യമായ ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നല്‍കി ചികില്‍സ പൂര്‍ത്തിയാക്കി. വൈകിട്ട് 5.00 ഓടെ ആനയുടെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചു. റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്‌നലുകള്‍ ഉപയോഗിച്ച് ആനയുടെ സഞ്ചാരം ഓരോ പത്ത് മിനിറ്റിലും നിരീക്ഷിക്കും. ആന ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന സാഹചര്യം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ഇത് സഹായിക്കും.

ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. വെങ്കടേശ്വരന്‍, കോടനാട് റേഞ്ച് ഓഫീസര്‍ (അഡീഷണല്‍ ചാര്‍ജ്) ലുധീഷ് ഇ ബി , തുണ്ടത്തില്‍ റേഞ്ച് ഓഫീസര്‍ നിഖില്‍ ജേറോം, കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ മുരളീദാസ് വി പി , മേയ്ക്കാപ്പാല ഡെപ്യൂട്ടി റേഞ്ചര്‍ ദിധീഷ്, ആര്‍.ആര്‍.ടി മലയാറ്റൂര്‍ ഡെപ്യൂട്ടി റേഞ്ചര്‍ അബിന്‍, സെന്‍ട്രല്‍ സര്‍ക്കിളിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് അര്‍ജുന്‍ സി. പി, എന്‍ ജി ഒ പ്രതിനിധി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തില്‍ പങ്കെടുത്തത് . മലയാറ്റൂര്‍ ആര്‍.ആര്‍.ടി, മേയ്ക്കാപ്പാല, ഭൂതത്താന്‍കെട്ട്, പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ച (ജൂണ്‍ 24) നേച്ചര്‍ സ്റ്റഡി സെന്റര്‍ -അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയ ശ്രീ ജ്യോതിഷ് ജെ ഒഴക്കല്‍, കോടനാട് റേഞ്ച് ഓഫീസര്‍ (അഡീഷണല്‍ ചാര്‍ജ്) ഇ ബി ലുധീഷ് എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായും പ്രദേശവാസികളുമായും നടത്തിയ യോഗത്തില്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കുകയും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA