SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.06 PM IST

ഒന്നാം സർക്കാരിൽ പിണറായി 14 തവണ വിദേശയാത്ര നടത്തിയപ്പോൾ ആറു മന്ത്രിമാർ ഒരു യാത്രപോലും നടത്തിയില്ല, കൂടുതൽ പേർ പറന്നത് ഒരു രാജ്യത്തേക്ക് 

pinarayi-vijayan-

തിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയാണ് തൊട്ടുപിന്നിൽ. ഔദ്യോഗികവും സ്വകാര്യവുമായ യാത്രകൾ അടക്കം 2016 ആഗസ്റ്റ് മുതൽ 2019 ഡിസംബർ വരെ പിണറായി വിജയൻ മന്ത്രിസഭയിലെ 17 മന്ത്രിമാർ 27 വിദേശ രാജ്യങ്ങളാണ് സന്ദർശിച്ചതെന്ന് നിയമസഭയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.

മുഖ്യൻ 14 തവണ

ഔദ്യോഗിക യാത്രകളും രണ്ട് സ്വകാര്യ യാത്രയും അടക്കം 14 തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയത്. അമേരിക്കയിലേക്കും യു.എ.ഇയിലേക്കുമായിരുന്നു മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രകൾ. യു.എസിലേക്കുള്ള യാത്ര ചികിത്സാർത്ഥം ആയിരുന്നു. ശേഷിച്ച 12 ഔദ്യോഗിക യാത്രകൾ യു.എ.ഇ, യു.എസ്, ബഹറിൻ, നെതർലൻഡ്സ്, സ്വിറ്റ്സർലണ്ട്, ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കായിരുന്നു. അന്ന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ 13 തവണയാണ് വിദേശയാത്ര നടത്തിയത്. സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എസ്.എ, ബ്രിട്ടൻ, കസാക്കിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കടകംപള്ളിയുടെ യാത്ര.

മുൻ മന്ത്രിമാരായ എ.കെ. ബാലൻ, കെ.ടി. ജലീൽ, ടി.പി. രാമാകൃഷ്ണൻ, കെ.കെ. ശൈലജ , ജെ. മേഴ്സിക്കുട്ടി അമ്മ, ഇ.ചന്ദ്രശേഖരൻ, മാത്യൂ ടി. തോമസ്, കെ. രാജു, എ.കെ.ശശീന്ദ്രൻ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ, ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജൻ, തോമസ് ചാണ്ടി, സി. രവീന്ദ്രനാഥ് എന്നിവരാണ് വിദേശയാത്ര നടത്തിയ മറ്റുള്ളവർ. ഇവരിൽ തോമസ് ചാണ്ടി, രവീന്ദ്രനാഥ്, മാത്യൂ ടി. തോമസ്, ഇ.ചന്ദ്രശേഖരൻ എന്നിവർ ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്. ജി. സുധാകരൻ, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവർ രണ്ട് വിദേശയാത്രകളാണ് നടത്തിയത്.

സ്വകാര്യ യാത്രകൾ മാത്രം നടത്തിയ മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭയിലുണ്ട്. വി.എസ്. സുനിൽകുമാർ ഇറ്റലി, യു.എ.ഇ, യു.എസ്.എ, ഒമാൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് സ്വകാര്യ യാത്രകളാണ് നടത്തിയത്. വനം മന്ത്രിയായിരുന്ന കെ. രാജു യു.എ.ഇ, ജർമ്മനി എന്നീ രാജ്യങ്ങൾ സ്വകാര്യമായി സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ സ്വകാര്യ സന്ദർശനം നടത്തി. ഒറ്റ വിദേശ യാത്ര മാത്രം നടത്തിയ സി. രവീന്ദ്രനാഥും ഇ. ചന്ദ്രശേഖരനും യഥാക്രമം യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് സ്വകാര്യ സന്ദർശനം നടത്തിയത്.

വിദേശയാത്ര നടത്താത്തവർ

രണ്ടാം പിണറായി സർക്കാരിലെ വൈദ്യുതി മന്ത്രിയായ കെ. കൃഷ്ണൻകുട്ടി, മുൻ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, മുൻ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ, മുൻ വൈദ്യുതി മന്ത്രി എം.എം. മണി എം.എൽ.എ എന്നിവർ ഒരു വിദേശരാജ്യവും സന്ദർശിച്ചിട്ടില്ല.

മന്ത്രിമാർക്ക് പ്രിയം യു.എ.ഇ

വിദേശരാജ്യങ്ങളിൽ മന്ത്രിമാർക്ക് പ്രിയപ്പെട്ട രാജ്യം യു.എ.ഇ ആണ്. മന്ത്രിമാർ 28 തവണയാണ് യു.എ.ഇ സന്ദർശിച്ചത്. അമേരിക്ക (12), ബ്രിട്ടൻ (9) എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ. റഷ്യ, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഇറ്റലി, തായ്ലൻഡ്, വത്തിക്കാൻ, സ്‌പെയിൻ, സിംഗപ്പൂർ, ഫ്രാൻസ്, അയർലണ്ട്, മോഡോവ എന്നിവയാണ് മന്ത്രിമാർ സന്ദർശിച്ച മറ്റ് രാജ്യങ്ങൾ.

യാത്രാക്കൂലി ഇനത്തിൽ ചെലവായ 53.68 ലക്ഷം രൂപയാണ് മന്ത്രിമാർക്കാകെ തിരിച്ച് ലഭിച്ചത്. കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും കൂടുതൽ തിരിച്ചു ലഭിച്ചത്, 14.65 ലക്ഷം. മുഖ്യമന്ത്രിയുടെ റീഇംബേഴ്സ്‌മെന്റ് തുക 9.65 ലക്ഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, VIJAYAN, KERALA CM, FOREIGN COUNTRIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA