SignIn
Kerala Kaumudi Online
Sunday, 02 August 2026 6.06 PM IST

ചെറിയ വീഴ്‌ച്ചകൾക്കുപോലും വലിയ വിലകൊടുക്കേണ്ടി വരും, ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി നിറവേറ്റണമെന്ന് സിപിഎം

vd-satheesan
വിരുന്നിൽ പങ്കെടുക്കുന്ന വി.ഡി. സതീശന്‍

തിരുവനന്തപുരം: കാലവര്‍ഷ കെടുതിയും കടലാക്രമണവുമുള്‍പ്പെടെ സംസ്ഥാനത്തെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.

പ്രസ്‌താവന

'ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം നിരവധി വീടുകള്‍ തകര്‍ന്നു. എട്ടുപേര്‍ ഇതിനകം മരിച്ചു. എട്ടുപേരെ കാണാതായി. കൃഷിനാശവും വ്യാപകമാണ്‌. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിലേറെ കുടുംബങ്ങള്‍ ദുരിതത്തിലാണ്‌. അരക്ഷിതാവസ്ഥയിലുള്ള ജനങ്ങള്‍ പ്രതീക്ഷ വയ്‌ക്കുന്നത്‌ സംസ്ഥാന സര്‍ക്കാരിലും മുഖ്യമന്ത്രിയിലുമാണ്‌.മഴ ഇനിയും ശക്തമായേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സ്ഥിതി രൂക്ഷമായിട്ടും സര്‍ക്കാര്‍ സംവിധാനത്തെ ഏകോപിപ്പിക്കാന്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ടയാളായാണ്‌ മുഖ്യമന്ത്രി. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട്‌ ചോദിച്ചപ്പോള്‍ ഓഫീസില്‍ നിന്ന്‌ ബ്രീഫ്‌ ചെയ്യുമെന്ന നിസ്സംഗ സമീപനമാണ്‌ സ്വീകരിച്ചത്‌. കഴിഞ്ഞ പ്രളയ ഘട്ടങ്ങളിലെല്ലാം നിരന്തരം പത്രക്കാരുമായി സംവദിക്കുന്ന രീതിയാണ്‌ അന്ന്‌ സ്വീകരിച്ചത്‌ എന്നോര്‍ക്കണം. അതിലൂടെ ജനങ്ങള്‍ക്ക്‌ ആത്മവിശ്വാസവും ജാഗ്രതയും നല്‍കുന്നതിന്‌ സാധിക്കുകയും ചെയ്‌തു.

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം. മന്ത്രിമാരെ മാത്രം ചുമതലയേല്‍പ്പിച്ച്‌ മാറി നില്‍ക്കേണ്ടയാളല്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നതാണ്‌ ഭരണാധികാരിയുടെ പ്രഥമ കടമ. അതു നിര്‍വഹിക്കാതിരിക്കുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാനാകൂ.

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലിക്കോപ്‌ടര്‍ സ്വകാര്യ ആവശ്യത്തിന്‌ ഉപയോഗിച്ചുവെന്നതും ജനം ദുരിതമനുഭവിക്കുമ്പോള്‍ വിരുന്നു നടക്കുന്നുവെന്നതും മുഖ്യമന്ത്രിക്കെതിരെ പൊതുസമൂഹത്തില്‍ കടുത്ത വിമര്‍ശത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അവശ്യഘട്ടങ്ങളിലും ഉപയോഗിക്കാനാണ്‌ സംസ്ഥാനം ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക്‌ എടുത്തത്‌. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക്‌ എടുത്തപ്പോള്‍ അതിനെ ധൂര്‍ത്ത്‌ എന്ന്‌ വിമര്‍ശിച്ച അന്നത്തെ പ്രതിപക്ഷ നേതാവാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രി. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഹെലിക്കോപ്‌ടര്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ കൊണ്ട്‌ ജനങ്ങളുടെ ആവശ്യത്തിനാണ്‌ പ്രഥമ പരിഗണന നല്‍കിയത്‌.

ജനങ്ങളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ പിന്തുണയും പ്രതിപക്ഷം നല്‍കും. ഇപ്പോള്‍ തന്നെ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ രംഗത്തുണ്ട്‌. പ്രതിപക്ഷത്തായിരുന്നപ്പോള്‍ യു.ഡി.എഫ്‌ എടുത്ത നിലപാട്‌ ഇപ്പോള്‍ എല്‍.ഡി.എഫ്‌ സ്വീകരിക്കില്ല. ഒരുമിച്ചിറങ്ങി ഈ ദുരന്തത്തെ നേരിടാന്‍ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്‍ ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു.

പ്രകൃതി ദുരന്തത്തിന്റെ ഈ ഘട്ടത്തില്‍ ഉണ്ടാകുന്ന ചെറിയ വീഴ്‌ച്ചകള്‍ക്ക്‌ പോലും വലിയ വില കൊടുക്കേണ്ടി വരുമെന്ന്‌ സര്‍ക്കാര്‍ തിരിച്ചറിയണം. ഏറ്റവും കൂടുതല്‍ മഴ പെയ്‌ത പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നലെ രാവിലെ വരെ ഓറഞ്ച്‌ അലര്‍ട്ട്‌ മാത്രമാണുണ്ടായിരുന്നത്‌. റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നുവെന്നത്‌ ഈ കെടുകാര്യസ്ഥതയുടെ തെളിവാണ്‌. ജനങ്ങളെ സുരക്ഷിത സ്ഥാനത്ത്‌ പാര്‍പ്പിക്കുന്നതിനും അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന്‌ ഒഴിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല എന്നത്‌ അതീവ ഗൗരവമാണ്‌.

പമ്പ കരകവിഞ്ഞ്‌ വെള്ളപ്പൊക്ക സാധ്യതയുണ്ടായിട്ടും ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ തയ്യാറായില്ല. കേളത്തിന്റെ കിഴക്കന്‍ മലയോരമേഖലയില്‍ അതിതീവ്ര മഴയുടെ സാധ്യത പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുന്‍കൈയെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.മുഖ്യമന്ത്രി ജനങ്ങള്‍ ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തയ്യാറാകണം. മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട മത്സതൊഴിലാളികളെ രക്ഷിക്കാന്‍ 13 മണിക്കൂര്‍ വൈകിയാണ്‌ കോസ്റ്റല്‍ പൊലീസ്‌ എത്തിയത്‌. ഇത്തരത്തില്‍ വലിയതോതിലുള്ള അനാസ്ഥയാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌.

മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനം മഴക്കെടുതിയടക്കമുള്ള ദുരിതങ്ങള്‍ നേരിട്ടപ്പോള്‍ മുഖ്യമന്ത്രിയും ഓഫീസും ആദ്യാവസാനം 24 മണിക്കൂറും ജാഗ്രതയോടെ ഇടപെട്ടിരുന്നു. വലിയ പ്രതിഷേധത്തിലേക്കും രോഷ പ്രകടനങ്ങളിലേക്കും ഈ ഘട്ടത്തില്‍ സംസ്ഥാനത്തെ എത്തിക്കരുത്‌. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം.കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ നേരിടുന്നതിന്‌ എല്ലാ പാര്‍ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം'

English Summary

The CPM State Secretariat criticized Chief Minister V.D. Satheesan for failing to effectively manage Kerala's severe monsoon calamities, including floods, landslides, and eight deaths. They accused the government of negligence, delayed alerts, and misuse of a rented helicopter for private purposes while people suffered, demanding urgent and coordinated action from all party units.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM, KERALA CM, KERALA POLITICS, CPM STATEMENT, MUKHYAMANTRI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA