
തിരുവനന്തപുരം: സഹപ്രവർത്തകരുടെ ജാമ്യത്തിൽ ലക്ഷങ്ങൾ വായ്പയെടുത്ത് തിരിച്ചടയ്ക്കില്ല. വിരമിച്ച് പെൻഷനും വാങ്ങി മാന്യനായി നടക്കും. സൗഹൃദത്തിന്റെ പേരിൽ ജാമ്യം നിന്നവർക്കാകട്ടെ പെൻഷനായാലും തീരാത്ത റിക്കവറി ബാദ്ധ്യതയും.
ഓഫീസുകളിൽ പതിവായ ഈ വഞ്ചനയ്ക്ക് അറുതി വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. നിമിത്തമായത് ധനകാര്യവകുപ്പിലെ മുൻ അഡിഷണൽ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി. പെൻഷനിൽ നിന്ന് പിടിക്കാൻ വകുപ്പില്ലാത്തതിനാൽ, ഇയാളുടെ പെൻഷൻ തടഞ്ഞുവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. സർവീസ് അച്ചടക്കസമിതി തുകതടഞ്ഞ് ഉത്തരവുമിറക്കി.
സെക്രട്ടേറിയറ്റ് എംപ്ളോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 60 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ജോയിന്റ് സെക്രട്ടറിമാരായ മൂന്ന് പേരുടെ സാലറി സർട്ടിഫിക്കറ്റാണ് ജാമ്യം. 2017ൽ എടുത്ത വായ്പ 2022ൽ വിരമിക്കും വരെ തിരിച്ചടച്ചില്ല. ഇതോടെ, ജാമ്യക്കാരുടെ സാലറിയിൽ നിന്ന് പിടിക്കാൻ സൊസൈറ്റി നീക്കം തുടങ്ങി. ഇതിനെതിരെ പരാതി നൽകിയെങ്കിലും പെൻഷനിൽ നിന്ന് പിടിക്കാൻ സർക്കാരിനു അധികാരമില്ലെന്നായിരുന്നു മറുപടി. വിരമിക്കുമ്പോൾ സമർപ്പിക്കേണ്ട ബാദ്ധ്യതാരഹിത സർട്ടിഫിക്കറ്റിൽ ബാങ്ക്, സൊസൈറ്റി വായ്പകൾ ഉൾപ്പെടുന്നില്ല. അതുകൊണ്ട് ഗ്രാറ്റുവിറ്റിയിൽ നിന്ന് ഈടാക്കാനും വ്യവസ്ഥയില്ല. തുടർന്നാണ് ജാമ്യക്കാർ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയത്.
പരാതി വസ്തുതാപരമാണെന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ചതോടെ വായ്പയടക്കാതെ മുങ്ങിയ വിരുതനോട് വിശദീകരണം തേടി. പക്ഷേ തിരിച്ചടയ്ക്കാൻ തയ്യാറായില്ല. തുടർന്നാണ് മുഖ്യമന്ത്രി പെൻഷൻ തടഞ്ഞുവയ്ക്കാൻ ഉത്തരവിട്ടത്. ഇതിനു പി.എസ്.സിയുടെ അംഗീകാരവും നേടി. വായ്പാ ബാദ്ധ്യത തീർത്താൽ പെൻഷൻ പലിശ സഹിതം തിരിച്ചുനൽകും.
വഞ്ചന സർവീസ്
റൂളിന്റെ ലംഘനം
സർവീസ് റൂളിലെ ചട്ടം 2എ അനുസരിച്ച് സർക്കാർ ജീവനക്കാർ സർവീസ് കാലത്ത് നല്ല പെരുമാറ്റം ഉറപ്പാക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് ആജീവനാന്ത പെൻഷൻ
വായ്പയടക്കാതെ വഞ്ചിക്കുന്നവർ ഈ ചട്ടം ലംഘിക്കുന്നതായി കണക്കാക്കിയാണ് സർവീസ് അച്ചടക്കസമിതിയുടെ ഉത്തരവ്. സംസ്ഥാന സർവീസിൽ ഇതാദ്യമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |