SignIn
Kerala Kaumudi Online
Sunday, 02 August 2026 11.16 AM IST

'ആ ലെഗ് പീസ് ഇങ്ങെടുക്ക്', ജനങ്ങൾ മഴക്കെടുതിയിൽ വലയുന്നതിനിടെ മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതിൽ കടുത്ത വിമർശനം

ponnani-feast
മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തപ്പോൾ

മലപ്പുറം: സംസ്ഥാനം മഴക്കെടുതിയിൽ വലയുമ്പോൾ മുഖ്യമന്ത്രി വിഡി സതീശൻ പൊന്നാനിയിൽ മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷ വിമർശനം. മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിപക്ഷം ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയത്. ഫൈസൽ ബഫാഖിയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് താഴെയായിരുന്നു കടുത്ത വിമർശനങ്ങൾ.


എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ പരിപാടികളും ക്യാൻസൽ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവെന്നും എന്നാൽ ജനം രൂക്ഷമായ മഴക്കെടുതിയിൽ ദുരിതം പേറുമ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശൻ വിരുന്നുണ്ട് നടക്കുകയാമെന്നുമായിരുന്നു പ്രധാന വിമർശനം. 'അന്ന്: മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നൽകുന്നു. മന്ത്രിമാരോട് അവർക്ക് ചുമതലയുള്ള ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദ്ദേശം നൽകി. ഇന്ന് : ആ ലെഗ് പീസ് ഇങ്ങെടുക്ക്' എന്നാണ് സ്ഥിതി' എന്നായിരുന്നു മുൻ എംഎൽഎ വികെ പ്രശാന്തിന്റെ പരിഹാസം.

എഎ റഹിം എംപിയും കടുത്ത വിമർശനവുമായി രംഗത്തെത്തി. 'സത്യത്തിൽ മുഖ്യമന്ത്രിയുടെ വീഡിയോ അദ്യം വിശ്വസിക്കാനായില്ല. വിവിധ ജില്ലകൾ വെള്ളത്തിലായി മനുഷ്യർ ആശങ്കയിലായിരിക്കുമ്പോൾ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാൻ പോകുമെന്ന് വിചാരിച്ചില്ല. മുൻ മാതൃകകൾ അങ്ങനെയല്ല. ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും വേണ്ട ആത്മവിശ്വാസം പകരേണ്ട സമയമാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ പ്രളയത്തിന്റെ ദുരിതത്തിൽ കഴിയുന്ന ഈ സമയത്ത്, ജനങ്ങൾ പ്രതീക്ഷിച്ചത് നേതൃത്വം, ഇടപെടൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം എന്നതൊക്കെയാണ്. പ്രതിസന്ധിയുടെ വേളയിൽ സൽക്കാരങ്ങളല്ല, ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയുടെ മുൻഗണനയാകേണ്ടത്' എന്നായിരുന്നു റഹിമിന്റെ വിമർശനം. കടുത്ത വിമർശനമാണ് ഉയരുന്നതെങ്കിലും മുഖ്യമന്ത്രിയോ കോൺഗ്രസ് നേതാക്കളോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

English Summary

Chief Minister V.D. Satheesan has come under sharp criticism after attending a lunch hosted at the Ponnani residence of Muslim League Youth Vice President Faisal Bafakhi Thangal while Kerala was grappling with widespread rain-related disasters. Critics questioned the timing of the visit, arguing that the Chief Minister should have focused on relief and disaster management during the crisis.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESAN, PONNANI, KERALA RAIN, മുഖ്യമന്ത്രി വിമർശനം, VD SATHEESAN PONNANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA