SignIn
Kerala Kaumudi Online
Sunday, 02 August 2026 2.26 AM IST

അനങ്ങാനാകാതെ ജോസഫിൻ, ഉരുളിന് കീഴടങ്ങി അമ്മയും

s

കോട്ടയം: പെരുമഴയ്‌ക്കൊപ്പം അരക്കിലോമീറ്റർ മുകളിൽ നിന്ന് കല്ലും മണ്ണും മരങ്ങളും വന്ന് വീടിനെ തകർത്തെറിയുമ്പോൾ എണീക്കാൻ പോലുമാവാതെ ജോസഫിൻ (24) കാലിൽ പ്ളാസ്റ്ററിട്ട് കിടക്കുകയായിരുന്നു. അലറിക്കരയും മുമ്പേ അമ്മ റെജീനയെയും വിധികവർന്നു.

രണ്ടുവർഷം മുൻപ് പണിത സ്വപ്ന വീടും വീട്ടുപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ കുടുംബം സ്വരുക്കൂട്ടിവച്ചതൊക്കെ ഒറ്റനിമിഷം കൊണ്ട് മൺകൂനയായി.

പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലെ ഉരുൾപൊട്ടലിൽ മരിച്ച മണപ്പാട് ജോസഫിനിന് (24) ഈരാറ്റുപേട്ടയിലുണ്ടായ ബൈക്കപകടത്തിലാണ് പരിക്കേൽക്കുന്നത്. വിശ്രമത്തിലായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് മനോഹര വീടൊരുക്കിയത്. ജോസഫിൻ ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളേജിലെ ക്യാന്റീൻ ജീവനക്കാരനായിരുന്നു. റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്‌കൂളിലെ ജീവനക്കാരിയും ജോണി സ്‌കൂൾ ബസ് ഡ്രൈവറും.

കനത്ത മഴയുണ്ടായിരുന്നെങ്കിലും അപകടം അപ്രതീക്ഷിതമായിരുന്നു. ഈ പ്രദേശത്ത് സാധാരണ ഉരുൾപൊട്ടാത്തതിനാൽ മുന്നൊരുക്കങ്ങളുമെടുത്തില്ല. പുലർ‌ച്ചെ എല്ലാവരും ഉറക്കത്തിലായിരുന്നതിനാൽ രക്ഷപ്പെടാനും കഴിഞ്ഞില്ല. ജോണി അടുത്ത വീട്ടിൽ കൂട്ടുകിടക്കാൻ പോയിരിക്കുകയായിരുന്നു. ഇളമയമകൾ സോമിറ്റ്, മൂത്തമകൾ ജോമിറ്റിനെ വിവാഹം കഴിച്ചയച്ച എറണാകുളത്തെ വീട്ടിലായിരുന്നു.

പ്രിയപ്പെട്ടവർക്കൊപ്പം വീടും, വീട്ടുപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ സർവതും നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് നാട്ടുകാരും ബന്ധുക്കളും.

പഴയ പൂഞ്ഞാർ - ഇടമല റോഡിൽ ഇടമല ഭാഗത്തുനിന്ന് കളപ്പുരയ്ക്കൽ ബേബിയുടെ പറമ്പിന്റെ ഭാഗമാണ് പൊട്ടി ഒലിച്ചിറങ്ങിയത്. നിമിഷങ്ങൾക്കുള്ളിൽ പ്രദേശം മൺകൂനയായി. മുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളും ബൈക്കും തകർന്നു. വൻതോതിൽ മണ്ണും കല്ലും റോഡിലും പരിസരത്തും അടിഞ്ഞതോടെ രക്ഷാപ്രവർത്തനവും ദുഷ്‌കരമായി. ജെ.സി.ബി ഉപയോഗിച്ചാണ് മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: URUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA