
തിരുവനന്തപുരം: സ്പേസ് സ്റ്റേഷനിലേക്ക് റഷ്യയിൽ നിന്ന് പുറപ്പെടുന്ന ആദ്യമലയാളിയായ അനിൽ മേനോനെ ബഹിരാകാശത്ത് ഇന്ത്യയുടെ ഗഗൻയാൻ യാത്രയിലെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ അഭിവാദ്യം ചെയ്യുന്ന ചരിത്ര മുഹൂർത്തം പ്രതീക്ഷിച്ച് മലയാളികൾ.
മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യം അടുത്ത വർഷം ആദ്യം ഉണ്ടാകുമെന്ന സൂചന മാത്രമേ വന്നിട്ടുള്ളൂ. അതു യാഥാർത്ഥ്യമായാൽ ആ മുഹൂർത്തവും വന്നുചേരും. ഐ.എസ്.ആർ.ഒ തീയതി പ്രഖ്യാപിച്ചിട്ടില്ല.
14ന് അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനിലേക്ക് പുറപ്പെടുന്ന നാസ ടീമിലെ അനിൽമേനോൻ എട്ടുമാസങ്ങൾക്ക് ശേഷം അടുത്ത ഏപ്രിലിലാണ് മടങ്ങുക.
ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഗഗൻയാൻ പേടകം സഞ്ചരിക്കുക. സമാനമായ ഭ്രമണ പഥത്തിലാണ് സ്പെയ്സ് സ്റ്റേഷൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ പരസ്പരം കടന്നുപോകുന്ന നിമിഷങ്ങൾ ഉണ്ടാകും.
ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ,ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ,ഗ്രൂപ്പ് ക്യാപ്റ്റൻശുഭാൻശു ശുക്ല എന്നിവരാണ് ഗഗൻയാൻ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നാലുപേർ.ഇവരിൽ മൂന്ന് പേരെയാവും ബഹിരാകാശത്തേക്ക് അയക്കുക. ശുഭാൻഷു ശുക്ല അമേരിക്കൻ സ്വകാര്യകമ്പനി ആക്സിയം സ്‌പേസുമായുള്ള ഇന്ത്യയുടെ കരാർ പ്രകാരം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തിരുന്നു.പദ്ധതി നീണ്ടുപോയതോടെ യാത്രികരായി പരിശീലനം പൂർത്തിയാക്കിയവർ അതത് സർവ്വീസുകളിലേക്ക് തിരിച്ച് കയറിയിരിക്കുകയാണ്.
2018ലെ സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്. 2022ഓടെ ഇന്ത്യക്കാരനെ ഇന്ത്യൻ മണ്ണിൽ നിന്ന് ബഹിരാകാശത്തേക്ക് അയക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കൊവിഡും സാങ്കേതിക കടമ്പകളും കാരണം ദൗത്യം വൈകുകയായിരുന്നു. ബഹിരാകാശത്ത് മനുഷ്യ ജീവൻ നിലനിർത്താനുള്ള സാമഗ്രികളും നിയന്ത്രണസംവിധാനങ്ങളും ജീവൻ നിലനിറുത്താനുള്ള സൗകര്യങ്ങളും സ്വന്തമായി വികസിപ്പിക്കുന്നതിലെ സങ്കീർണ്ണതയാണ് ഗഗൻയാൻ പദ്ധതി വൈകാൻ കാരണമായത്.
സഞ്ചാരികളെ അയക്കുന്നതിന് മുന്നോടിയായി ഈ വർഷം ഗഗൻയാൻ1 ആളില്ലാദൗത്യത്തിന്റെ വിക്ഷേപണം നടത്തുമെന്നാണ് ഐ.എസ്.ആർ.ഒ പറഞ്ഞിരിക്കുന്നത്.കഴിഞ്ഞവർഷം നടത്താനിരുന്ന ആളില്ലാ ദൗത്യങ്ങൾ പി.എസ്.എൽ.വി.യുടെ രണ്ട് അപ്രതീക്ഷിത പരാജയങ്ങളെ തുടർന്ന് വീണ്ടും നീണ്ടുപോയി.ഗഗൻയാൻ ദൗത്യത്തിനായി ഹ്യൂമൻ റേറ്റഡ് എൽ.വി.എം ത്രീ വിക്ഷേപണ വാഹനമാണ് ഇസ്രൊ തയ്യാറാക്കിയിരിക്കുന്നത്. ദൗത്യത്തിനായുള്ള ക്രൂ മൊഡ്യൂൾ തിരുവനന്തപുരം വി.എസ്.എസ്സിയിലാണ് നിർമ്മിക്കുന്നത്.സർവ്വീസ് മൊഡ്യൂൾ ബെംഗളൂരു യു.ആർ റാവു സ്‌പേസ് സെന്ററിലാണ് തയ്യാറാക്കുന്നത്.ഗഗൻയാൻ മനുഷ്യദൗത്യം വിജയിപ്പിക്കുന്നതോടെ, മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള ബഹിരാകാശ പേടകമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |