SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.16 AM IST

ചാൻസലർക്കെതിരെ കേസ് നടത്തിയെങ്കിൽ വക്കീൽ കാശ് സ്വന്തം ചെലവിൽ, പണം തിരിച്ചടക്കാൻ ഗവർണറുടെ നിർദേശം

READ ENGLISH VERSION
arif-muhammed-khan

തിരുവനന്തപുരം: ചാൻസലറായ ഗവർണർക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് എതിരെ കേസ് നടത്താൻ ഉപയോഗിച്ച സർവകലാശാല ഫണ്ട് തിരിച്ചടക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിസിമാർക്ക് ഗവർണർ നോട്ടീസ് അയച്ചു. കേസ് നടത്താൻ 1.13 കോടിയാണ് വിസിമാർ ചെലവാക്കിയിരുന്നത്. ഈ തുക തിരികെ അടയ്ക്കാനാണ് ഗവർണറുടെ നിർദേശം.

വൈസ് ചാൻസലർമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിക്കെതിരെ അതേ വി.സിമാർ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താൻ വിനിയോഗിച്ചത് സർവകലാശാല ഫണ്ട് ഉപയോഗിച്ചായിരുന്നു.

സർക്കാർ ഉദ്യോഗസ്ഥരുടെ കോടതി വ്യവഹാരങ്ങൾ സ്വന്തം നിലയ്ക്കാണെങ്കിൽ കോടതി ചെലവുകൾ ഉദ്യോഗസ്ഥർ തന്നെ വഹിക്കണമെന്നാണ് ചട്ടം. അതിനു വിരുദ്ധമാണ് ഈ നടപടി.

ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കിയുള്ള കോടതി വ്യവഹാരത്തിനാണ് സർവകലാശാല ഫണ്ടിൽ നിന്നും തുക ചെലവിട്ടത്.

വിവിധ സർവകലാശാലകളുടെ ഫണ്ടിൽ നിന്ന് 1.13 കോടി രൂപയാണ് അന്ന് വി.സിയായിരുന്നവർ ചെലവിട്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് നിയമസഭയെ അറിയിച്ചത്. എൽദോസ് കുന്നപ്പള്ളിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കണ്ണൂർ വി.സിയും കുഫോസ് വി.സിയും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിന് മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിരുന്നു. കാലിക്കറ്റ്‌ വി.സി ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കൗൺസലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകന്റെ സേവനം തേടിയതിന് 4.25 ലക്ഷം രൂപയാണ് ചെലവിട്ടത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന കേസിൽ കോടതി ചെലവിനായി 8 ലക്ഷം രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ചെലവാക്കിയിട്ടുണ്ട്. പ്രിയ വർഗീസിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോൾ, യൂണിവേഴ്സിറ്റി കൗൺസലിനെ ഒഴിവാക്കി മുതിർന്ന അഭിഭാഷകൻ പി. രവീന്ദ്രനെ ചുമതലപ്പെടുത്തിയതിന് 6.5 ലക്ഷം രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ചെലവിട്ടു.

ഡോ. ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂ‌ർ)..... Rs.69,25,340

ഡോ. റിജി ജോൺ (കുഫോസ്)................... Rs.35,71,311

ഡോ.എം.എസ്.രാജശ്രീ((ടെക്നോ.)..........Rs.1,47,515

ഡോ. എം.കെ. ജയരാജ് (കാലിക്കറ്റ്).........Rs.4,25,000

ഡോ. കെ.എൻ. മധുസൂദനൻ (കുസാറ്റ്)..... Rs.77,500

ഡോ. വി. അനിൽകുമാർ (മലയാളം)........Rs.1,00,000

ഡോ. മുബാറക് പാഷ (ശ്രീനാരായണ ഗുരു) Rs. 53,000

കോടതി വ്യവഹാരങ്ങൾക്കായി സർവകലാശാല ഫണ്ടിൽ നിന്ന് ചെലവിട്ട തുക വി.സിമാരിൽ നിന്നും സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR, ARIF MUHAMMED KHAN, UNIVERSITIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA