SignIn
Kerala Kaumudi Online
Monday, 13 July 2026 1.27 AM IST

36 വർഷം മുൻപ് ബസിൽ തോക്കുചൂണ്ടി കവർച്ച ഭാര്യ പിണങ്ങി, പ്രതി കുരുങ്ങി

READ ENGLISH VERSION
1

കോഴിക്കോട്: തോക്കുചൂണ്ടി ബസ് കണ്ടക്‌ടറിൽ നിന്ന് പണം തട്ടിയ പ്രതിക്ക് 36 വർഷത്തിന് ശേഷം കുരുക്കായത് ഭാര്യയുമായുള്ള പിണക്കം. മൈസൂരുവിൽ ശിവകുമാർ എന്ന പേരിൽ ഒളിവിലായിരുന്ന കോഴിക്കോട് സ്വദേശി വി.കെ. ജോസാണ് (71) പിടിയിലായത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ എമർജൻസി ഹെൽപ് ലൈനിൽ വിളിച്ചതാണ് വഴിത്തിരിവായത്. ബുധനാഴ്ചയായിരുന്നു സംഭവം.

1990ലാണ് കൊമ്പൻമീശക്കാരനായിരുന്ന ജോസ് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി കണ്ടക്‌ടറെ നാടൻ തോക്കുചൂണ്ടി 200 രൂപയും ടിക്കറ്റും കവർന്നത്. പ്രതി പിടിയിലായതോടെ കേസ് പുനഃരന്വേഷിക്കാനൊരുങ്ങുകയാണ് തിരുവമ്പാടി പൊലീസ്. ജോസിനെ കസ്റ്റഡിയിൽ കിട്ടാൻ ഉടൻ അപേക്ഷ നൽകുമെന്ന് തിരുവമ്പാടി എസ്.ഐ രമ്യ പറഞ്ഞു.

തിരുവമ്പാടിയിൽ നിന്ന് കൂമ്പാറയിലേക്ക് രാത്രി സർവീസ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ബസിലായിരുന്നു സംഭവം. ഇയാൾക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കവർച്ചയ്‌ക്കുശേഷം മൈസൂരുവിലെത്തിയ ജോസ് അവിടെ പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഇതിനിടെ മൈസൂരു സ്വദേശിയെ വിവാഹം ചെയ്ത് അവിടത്തെന്ന സ്ഥിരതാമസവുമാക്കി.

 കട്ടിലിനടയിൽ നാടൻ തോക്ക്

ജോസുമായി വാക്കുതർക്കവും തുടർന്ന് കൈയാങ്കളിയുമായപ്പോഴാണ് ഭാര്യ പൊലീസ് എമർജൻസി ഹെൽപ് ലൈനിൽ വിളിച്ചത്. തുടർന്ന് മൈസൂരു നരസിംഹരാജ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടിലിടിയിൽ നിന്ന് നാടൻ തോക്കും കേരളത്തിലെ താമസകാലത്തെ രേഖകളും കണ്ടെത്തി. താൻ കിടന്നിരുന്ന സ്ഥലം ആരെക്കൊണ്ടും വൃത്തിയാക്കാൻ ജോസ് അനുവദിച്ചിരുന്നില്ല. ഇതാണ് പൊലീസിന് സംശയമുണ്ടാക്കിയത്. രേഖകളിലെ വിവരം പരിശോധിച്ച നരസിംഹരാജ പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ടു. തുടർന്നാണ് കവർച്ച കേസ് സ്ഥിരീകരിച്ചത്. മൈസൂരുവിലായിരുന്നപ്പോൾ ജോസിനെതിരെ മറ്റ് ക്രിമിനൽ കേസുകളൊന്നുമുണ്ടായിട്ടില്ലെന്ന് തിരുവമ്പാടി പൊലീസ് പറഞ്ഞു. പ്രതിയെ കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA