
ചിറ്റൂർ: കവർച്ചയ്ക്കിടെ വൃദ്ധയെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം തീയിട്ട് നശിപ്പിച്ച് അവശിഷ്ടങ്ങൾ കുഴിച്ചുമൂടിയ പ്രതികൾ പിടിയിൽ. പാലക്കാട് വടകരപ്പതി ആട്ടയമ്പതി ന്യൂ ഉന്നതി സ്വദേശിനി സരസാൾ (66) നെയാണ് മൂക്കുത്തിക്ക് വേണ്ടിഅടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കുളിമുറിയിലിട്ട് കത്തിച്ചതിനുശേഷം വീടിനു പിന്നിൽ കുഴിച്ചിട്ടത്. സംഭവത്തിൽ അയൽവാസിയായ ഉദയകുമാർ (19) നെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 10 മുതൽ സരസാളിനെ കാണാതായിരുന്നു. തുടർന്ന് ജൂൺ 12ന് മകൾ
ബേബി കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി. ഒരു മാസം നീണ്ട അന്വേഷണത്തിനിടയിൽ, സരസാളിന്റെ അയൽവാസിയായ ഉദയകുമാർ കുറച്ചുനാളുകളായി നാട്ടിൽ നിന്നും മാറി താമസിക്കുകയാണെന്ന വിവരം ലഭിച്ചത്. ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ അരും കൊല പുറംലോകം അറിയുന്നത്. കവർച്ചയാക്കിടെ സരസാളിനെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം അഗ്നിക്കിരയാക്കി കുഴിച്ചിട്ടു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ഉദയകുമാർ പൊലീസിനോട് വെളിപ്പെടുത്തി. മൃതദേഹം തുണിയിൽ പൊതിഞ്ഞ് ബാത്ത് റൂമിനകത്തിട്ട് ഡീസൽ ഒഴിച്ചു തീകത്തിച്ചപ്പോൾ ദുർഗന്ധം വന്നിരുന്നു. അടുത്തുള്ള മീൻ സംസ്‌കരണ കമ്പനിയിൽ നിന്നുള്ള ദുർഗന്ധമാണെന്നാണ് നാട്ടുകാർ കരുതിയത്.
ഉദയൻ സരസാളിനെ കാണാതായ ദിവസംവരെ വീട്ടിലുണ്ടായിരുന്നു. പത്താം തിയതി മുതൽ വീട്ടിലെത്തിയിരുന്നില്ല. തമിഴ്നാട്ടിലെ പൊള്ളാച്ചി ആനമലയിലായിരുന്നു താമസം. സംശയം തോന്നിയ പൊലീസ് വ്യാഴാഴ്ച സ്റ്റേഷനിലേക്ക്
വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ശനിയാഴ്ച ഉച്ചയോടെ പ്രതിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കൊല ചെയാൻ ഉപയോഗിച്ച ആയുധം കുളിമുറിയിൽ നിന്നും കത്തിച്ച ശരീര അവശിഷ്ടങ്ങളും വീട്ടിന്റെ പുറകിൽ നിന്നും അസ്ഥികൂടവും കണ്ടെടുത്തു. കവർച്ചയ്ക്കും കൊലപാതകത്തിനും പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് സർജൻ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ച് ജില്ലാശുപത്രിയിലേക്ക് മാറ്റി. പാലക്കാട് തഹ്സിൽദാർ വിരളടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
മോഷണം നേരത്തെ പദ്ധതിയിട്ടിരുന്നു
സരസാളിന്റെ മൂക്കുത്തി മോഷ്ടിക്കാൻ ഉദയകുമാർ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. ജൂൺ 10ന് രാവിലെ സരസാളിനെ തന്ത്രപ്പൂർവ്വം തന്റെ വീടിനകത്തേക്ക് എത്തിച്ച ഉദയകുമാർ, ഇരുമ്പ് വടി ഉപയോഗിച്ച് വയോധികയെ തലക്കടിച്ചുവീഴ്ത്തി. കൊടുവാൾ ഉപയോഗിച്ച് കഴുത്തിൽ ആഞ്ഞുവെട്ടി. മരണം ഉറപ്പിക്കാൻ നെഞ്ചിൽ ചവിട്ടി. പിന്നാലെ ശുചിമുറിയിൽ ഇട്ട് മൃതദേഹം കത്തിച്ചശേഷം അവശിഷ്ടങ്ങൾ വീടിനു പുറത്ത് കുഴിച്ചിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |