
തിരുവനന്തപുരം: കഴിഞ്ഞ മാസം ഇതേ ദിവസമാണ് ഞങ്ങൾ ജാനകിയമ്മയെ മൈസൂരുവിലെ വീട്ടിൽ പോയി കണ്ടത്. ഏറെ സന്തോഷത്തിലായിരുന്നു. പഴയ പാട്ടുകൾ പാടുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. 'ആരോഗ്യം അനുവദിച്ചാൽ ആദ്യ യാത്ര തിരുവോണത്തിന് നിങ്ങളുടെ വീട്ടിലേക്കായിരിക്കും' എന്ന് പറഞ്ഞിരുന്നു. ആ വാക്കുകൾ ഇനി ഓർമ മാത്രമായി... " എസ്. ജാനകിയുടെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് കമുകറ ഫൗണ്ടേഷൻ സെക്രട്ടറി പി.വി. ശിവൻ പറഞ്ഞു.
കമുകറ പുരുഷോത്തമന്റെ മകൾ ഡോ.ശ്രീലേഖയ്ക്കും കുടുംബത്തിനും ജാനകിയമ്മയുമായി വർഷങ്ങളുടെ ആത്മബന്ധമുണ്ട്. കേരളത്തിലെത്തുമ്പോഴെല്ലാം തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ശിവന്റെ വീട്ടിൽ താമസിക്കും. രാത്രി വൈകുവോളം പാട്ടുപാടിയും ഓർമകൾ പങ്കുവച്ചും സമയം ചെലവഴിക്കും. മകൻ മുരളീകൃഷ്ണന്റെ മരണശേഷം ജാനകിയമ്മയെ ഏകാന്തത ഏറെ അലട്ടിയിരുന്നു. രണ്ട് ദിവസം മുമ്പ് വരെ ഫോണിൽ സംസാരിച്ചിരുന്നു. അതിനാൽ വിയോഗവാർത്ത വിശ്വസിക്കാനായില്ല.
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഗായിക ജസ്റ്റീഷ്യ ജാനകിയമ്മയുടെ കടുത്ത ആരാധികയായിരുന്നു. നേരിൽ കണ്ട നിമിഷം ജസ്റ്റീഷ്യയുടെ വികാരങ്ങൾ അടക്കാനായില്ല. അമ്മയുടെ മുന്നിൽ നിന്നു പൊട്ടിക്കരയുകയായിരുന്നു. ജാനകിയമ്മയ്ക്കും കണ്ണീരടക്കാനായില്ല. സ്വന്തം തൂവാല എടുത്ത് ജസ്റ്റീഷ്യയുടെ കണ്ണീർ തുടച്ചുകൊടുത്തു. നെറ്റിയിൽ സ്നേഹചുംബനം നൽകി ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ആ നിമിഷം അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നീട് ഞങ്ങളെ ഓരോരുത്തരെയും അടുത്ത് വിളിച്ച് പ്രത്യേകം ഫോട്ടോ എടുത്തു. ആ നിമിഷങ്ങൾ ഞങ്ങൾക്ക് വിലമതിക്കാനാകാത്ത ഓർമകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |