
ആലപ്പുഴ: യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ് എം.എൽ.എ, അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മർദ്ദിച്ച മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം. ഒന്ന് മുതൽ അഞ്ചു വരെ പ്രതികളായ ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർ അനിൽകുമാർ, അംഗരക്ഷകരായ സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവർക്കാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് മുൻകൂർജാമ്യം അനുവദിച്ചത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണം.
കൂടാതെ നാളെ മുതൽ മൂന്ന് ദിവസം രാവിലെ പത്തിനും വൈകിട്ട് നാലിനുമിടയിൽ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് വേണ്ടി വന്നാൽ ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടു ആൾജാമ്യത്തിലും വിട്ടയക്കണം. പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം വധശ്രമക്കുറ്റം ചുമത്തിയ കേസിൽ പ്രതികൾക്ക് മുൻകൂർജാമ്യം ലഭിച്ചത് പ്രത്യേക അന്വേഷണസംഘത്തിന് തിരിച്ചടിയായി. മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമോയെന്നതിലും തീരുമാനമുണ്ടാകേണ്ടതുണ്ട്.
നിയമ പോരാട്ടം തുടരും
നിയമ പോരാട്ടം തുടരുമെന്ന് എ.ഡി.തോമസ് എം.എൽ.എയും അജയ് ജ്യുവൽ കുര്യാക്കോസും പറഞ്ഞു. 2023 ഡിസംബർ 15ന് പിണറായിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രതിഷേധിച്ചപ്പോഴാണ് തോമസിനെയും അജയ് ജ്യുവലിനെയും ഗൺമാൻമാർ മർദ്ദിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് റഫർ റിപ്പോർട്ട് നൽകിയിരുന്ന കേസിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേസന്വേഷണത്തിന് ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതോടെയാണ് വധശ്രമക്കുറ്റം ചുമത്തിയത്. വിഷയത്തിൽ ഗൺമാന്മാരുൾപ്പെടെ അഞ്ച് പേരെ സസ്പെൻഡ് ചെയ്തിരുന്നു. ജാമ്യാപേക്ഷയിൽ വാദം കേട്ടപ്പോൾ മർദ്ദന ദൃശ്യങ്ങൾ 20ലേറെ തവണ കണ്ട കോടതി വധശ്രമം ചുമത്തിയ നടപടിയെ വിമർശിച്ചു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടിയാണ് നിർവഹിച്ചതെന്നും ലാത്തി സുരക്ഷയുടെ ഭാഗമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |