SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.09 AM IST

ശബരിമല ഉന്നതാധികാര യോഗങ്ങളിൽ ധനവകുപ്പ് പ്രതിനിധി വേണം: ഹൈക്കോടതി

aa

കൊച്ചി: നടപടികളിലെ കാലതാമസം ഒഴിവാക്കാൻ, ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ഉന്നതാധികാര സമിതി യോഗങ്ങളിൽ അഡിഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. മണ്ഡല, മകരവിളക്ക് സീസണിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹർജിയിൽ ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് നിർദ്ദേശം.
ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം പദ്ധതികളെ ബാധിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും ധനവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം സമിതിയിൽ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. അടിസ്ഥാന സൗകര്യ വികസനവും തിരക്ക് നിയന്ത്രണവും ലക്ഷ്യമിട്ട് വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങൾക്ക് സമയപരിധിയും നിശ്ചയിച്ചു. ഓംബുഡ്സ്മാന് തുല്യമായ ഓണറേറിയം ഉന്നതാധികാര സമിതി ചെയർമാനും നൽകുന്നതിനെ കുറിച്ച് കോടതി സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. വിഷയം ജൂലായ് ഒന്നിന് വീണ്ടും പരിഗണിക്കും. റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി.അരുണാണ് ഉന്നതാധികാര സമിതി അദ്ധ്യക്ഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA