SignIn
Kerala Kaumudi Online
Monday, 28 September 2026 7.36 PM IST

ഐ ഹാവ് ഇലക്ട്രിക് ഡ്രീംസിന് സുവർണ മയൂരം

i-have-electric-dreams

പനാജി.കോസ്റ്റാറിക്കൻ വംശജ വാലന്റീന മറേൽ സംവിധാനം ചെയ്ത ബെൽജിയം,ഫ്രാൻസ്, കോസ്റ്റാറിക്ക,സ്പാനിഷ് സംയുക്ത സംരഭമായ ചിത്രം ' ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് ' അമ്പത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്ഥമാക്കി. 40 ലക്ഷം രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.ഈ ചിത്രത്തിലെ അഭിനയത്തിന് ഡാനിയേല മൗറിൻ

നവാരോ മികച്ച നടിയായി..നോ എൻഡ് എന്ന ടർക്കിഷ് ചിത്രം സംവിധാനം ചെയ്ത നാദർ സെയ് വർ മികച്ച സംവിധായകനുള്ള രജതമയൂരം നേടി.15 ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക.ഈ ചിത്രത്തിലെ അഭിനയത്തിന് വാഹിദ് മൊബാഷറി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.നടനും നടിക്കും രജത മയൂരവും 10 ലക്ഷം രൂപ വീതം സമ്മാനത്തുകയും ലഭിക്കും.

വെൻ ദ വേവ്സ് ആർ ഗോൺ എന്ന ഫിലിപ്പൈൻ ചിത്രത്തിന്റെ സംവിധായകൻ ലാവ് ഡയസ് പ്രത്യേക ജൂറി പുരസ്കാരത്തിനും മികച്ച നവാഗത സംവിധായകനുള്ള പ്രത്യേക പരാമർശത്തിന് തെലുങ്ക് ചിത്രം സിനിമ വണ്ടിയുടെ സംവിധായകൻ പ്രവീൺ കരന്തലെയും തിരഞ്ഞെടുക്കപ്പെട്ടു..യുനസ്ക്കോ ഗാന്ധി മെഡലിന് നർഗേസി എന്ന ഇറാനിയൻ ചിത്രം അർഹമായി. ഈ വർഷത്തെ ഫിലിം പേഴ്സണാലിറ്റി അവാർഡ് തെലുങ്കു സൂപ്പർതാരം ചിരഞ്ജീവി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിൽ നിന്നും ഏറ്റുവാങ്ങി.

കാശ്മീർ ഫയൽസിന്

വിമർശനം

ചലച്ചിത്രോത്സവത്തിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കാശ്മീർ ഫയൽസ് ഉൾപ്പെടുത്തിയതിനെ സമാപന വേദിയിൽ ജൂറി ചെയർമാനും ഇസ്രായേലി സംവിധായകനുമായ നദാവ് ലാപിഡ് നിശിതമായി വിമർശിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ' മൊത്തം 15 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്.അതിൽ പതിന്നാലും ഓരോ രീതിയിൽ മികവ് പുലർത്തിയ ചിത്രങ്ങളായിരുന്നു.എന്നാൽ കാശ്മീർ ഫയൽസ് ഒരു പ്രൊപ്പഗാണ്ട ചിത്രമായിരുന്നു. പ്രചാരവേലയ്ക്കായി ചിത്രീകരിക്കുന്ന ഇത്തരം ചിത്രങ്ങൾ മത്സര വിഭാഗത്തിൽ തിരുകി കയറ്റുന്നത് മഹനീയമായ ഈ ചലച്ചിത്രോത്സവത്തിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കാനെ ഇടവരുത്തുകയുള്ളു ജൂറി ഇതിനെ അപലപിക്കുന്നു.' കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചലച്ചിത്രോത്സവ സമാപന വേദിയിലെ ഈ വിമർശനം. മത്സര വിഭാഗത്തിനു പുറമെ യുനസ് കോ ഗാന്ധി മെഡലിനുള്ള മത്സരത്തിനും കാശ്മീർ ഫയൽസ് ഉൾപ്പെടുത്തിയിരുന്നു.

സമാപന ചടങ്ങിൽ ആശാ പരേഖ്., അക്ഷയ് കുമാർ, ആയുഷ്മാൻ ഖുറാന, റാണ ജഗ്ഗുപദി തുടങ്ങിയവരെ ആദരിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: I HAVE ELECTRIC DREAMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA