SignIn
Kerala Kaumudi Online
Saturday, 04 July 2026 8.40 PM IST

കാനത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു; പൊതുദർശനം രണ്ട് മണി വരെ

READ ENGLISH VERSION

kanam

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ നിന്നും സ്വകാര്യ വിമാനം വഴിയാണ് മൃതദേഹം എത്തിച്ചത്. പട്ടം പിഎസ് സ്മാരകത്തിൽ രണ്ട് മണിവരെ പൊതുദർശനം നടത്തും. ശേഷം ഉച്ചയോടെ റോഡ് മാർഗം വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും.

സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.

കോട്ടയം കൂട്ടിക്കലിൽ പരേതരായ വി.കെ. പരമേശ്വരൻ നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി 1950 നവംബർ 10നാണ് ജനനം. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ് (സെക്രട്ടേറിയറ്റ്)​, വി. സർവേശ്വരൻ (ബിസിനസ്)​. മൂന്നു തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും രണ്ടുതവണ നിയമസഭാംഗവുമായി. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. വാഴൂർ എസ്.വി.ആർ.എൻ എസ്.എസ് സ്‌കൂൾ, കോട്ടയം ബസേലിയോസ് കോളേജ്, മോസ്‌കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു കാനത്തിന്റെ പഠനം.

ആശുപത്രിയിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്ത്യാഞ്ജലി അർപ്പിച്ചു. നവകേരള യാത്രയിലായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസിലാണ് ആശുപത്രിയിലെത്തിയത്. വൃക്കസംബന്ധമായ പ്രശ്നങ്ങളുമായി ഒക്ടോബർ 25നാണ് കാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ പ്രമേഹം മൂർച്ഛിച്ച് കാലിലെ മുറിവിൽ അണുബാധയുണ്ടായി. കുറച്ചുനാൾ മുമ്പുണ്ടായ അപകടത്തിൽ പറ്റിയ മുറിവ് ഉണങ്ങിയിരുന്നില്ല. നവംബർ 14ന് വലതുകാൽ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ചികിത്സ നൽകി വരികയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANAM RAJENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA