SignIn
Kerala Kaumudi Online
Sunday, 13 September 2026 10.29 AM IST

''എനിക്കൊന്നും പറ്റിയില്ല, പക്ഷെ...'' ഇരുപത് മിനിറ്റോളം വിമാനം എയറിൽ തന്നെ വട്ടം കറങ്ങി, നല്ല മഴയും, പെട്ടെന്ന് വോയ്സ് കട്ടായി; പേടിപ്പെടുത്തുന്ന അനുഭവം വിവരിച്ച് യാത്രക്കാരൻ

yujin-yusaf

കൽപ്പറ്റ:''ഭയപ്പെടരുത്, എനിക്കൊന്നും പറ്റിയിട്ടില്ല, പക്ഷെ കുറെപ്പേർ...എനിക്ക് ഒരു കുട്ടിയെക്കൂടി രക്ഷിക്കാനുണ്ട്...ഞാൻ പിന്നെ വിളിക്കാം. എന്നെ ആലോചിച്ച് ആരും വിഷമിക്കരുത്.സുരക്ഷിതനാണ്''ഇങ്ങനെയൊരു ഫോൺ സന്ദേശം മാത്രമാണ് യൂജിൻ യൂസഫിന് തന്നെ കാത്തിരിക്കുന്ന ഉപ്പ അരോമ യൂസഫിനെ വിളിച്ച് അറിയിക്കാൻ തോന്നിയത്.പിന്നെ ഒരു ഫോൺ കൂടി യുജിൻ ചെയ്തു. തന്റെ ഭാവി വധുവും എം. എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയുമായ സുൻബുലയെ.അവളോടും ഇതേ വാക്കുകൾ.

പിന്നെ യൂജിൻ ചെയ്തത് എമർജൻസി വാതിൽ വഴി വിമാനത്തിന്റെ ചിറക് വശത്ത് കയറി നിന്ന് ഉച്ചത്തിൽ ആളുകളെ വിളിച്ച് വരുത്തി.വിമാനത്തിൽ നിന്ന് യൂജിനും പെരിന്തൽമണ്ണയിലെ സുഹൃത്തുമാണ് ഇങ്ങനെ ആദ്യം പുറത്ത് കടന്നത്.നാല് വർഷമായി അജ്മാൽ റോയൽ പാലസിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിലാണ് ജോലി.അടുത്ത മാസമാണ് കൽപ്പറ്റക്കടുത്ത മുട്ടിലിലെ റഷീദിന്റെ മകൾ സുൻബുലയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്. മതപരമായ ചടങ്ങുകളൊക്കെ കഴിഞ്ഞു.

ദുബായിൽ നിന്ന് വന്ന് ഇരുപത്തിയെട്ട് ദിവസത്തെ ക്വാറന്റെൻ കഴിഞ്ഞ് വിവാഹം കഴിക്കാനായിരുന്നു പ്ളാൻ. അതിനായി അഞ്ചര പവനോളം മെഹ്റും പിന്നെ യൂജിനും വീട്ടുകാർക്കുമുളള വസ്ത്രങ്ങളും ഒക്കെയായി സന്തോഷത്തോടെയായിരുന്നു വീട്ടിലേക്കുളള മടക്കം.വെളളിയാഴ്ച ഒന്നരക്കായിരുന്നു വിമാനം ദുബായിൽ നിന്ന് എടുക്കേണ്ടിയിരുന്നത്.എന്നാൽ രണ്ട് മണിക്കാണ് എടുത്തത്.

mehar

കോഴിക്കോട് എത്തുന്നതിന് നാൽപ്പത്തിയഞ്ച് മിനിറ്റ് മുമ്പ് കോഴിക്കോട് എത്തുന്നു എന്ന സന്ദേശം പൈലറ്റ് തന്നു. കരിപ്പൂരിൽ എത്തിയപ്പോൾ ഇരുപത് മിനിറ്റോളം വിമാനം എയറിൽ തന്നെ വട്ടം കറങ്ങി.നല്ല മഴയും ഉണ്ടായിരുന്നു.ലാന്റ് ചെയ്യാനുളള റൺവെ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കരുതി.വിമാനം തകരുന്നതിന് തൊട്ട് മുമ്പ് കാലിക്കറ്റ് ലാന്റിംഗ് എന്ന മെസേജ് ലഭിച്ചിരുന്നു.പിന്നെ പെട്ടെന്ന് വോയ്സ് കട്ടായി.

വിമാനം ലാന്റ് ചെയ്ത ഉടൻ തന്നെ വളരെ സ്പീഡിൽ മുന്നോട്ടേക്ക് നീങ്ങി.പിന്നെ രണ്ട് സെക്കൻഡിൽ എല്ലാം കഴിഞ്ഞു.ഞാൻ എല്ലാം കണ്ട് കൊണ്ടിരിക്കുകയായിരുന്നു.വിമാനം തകർന്ന ഉടൻ തന്നെ മുന്നിലുളളവരൊക്കെ പുറക് വശത്തേക്ക് തെറിച്ചു.മുകളിൽ നിന്ന് ലഗേജുകളും തെറിച്ച് വീഴാൻ തുടങ്ങി.വിമാനത്തിന്റെ മുൻഭാഗവും മദ്ധ്യഭാഗവും തകർന്നു.വിമാനത്തിൽ ഏറെയും സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങളായിരുന്നു.എനിക്ക് മുന്നിലെ സീറ്റിലും പുറക് വശത്തെ സീറ്റിലും കുട്ടികളായിരുന്നു.വിമാനം തകർന്നയുടൻ തന്നെ കുട്ടികൾ സീറ്റിന്റെ അടിയിലായിപ്പോയി.എന്താണ് സംഭവിച്ചതെന്നറിയാതെ കൂട്ട നിലവിളിയായിരുന്നു

വിമാനത്തിനുളളിൽ നിന്ന് ഉയർന്നത്.ഉടൻ തന്നെ ഒരു കുട്ടിയെ സീറ്റിനടിയിൽ നിന്ന് പുറത്തെടുത്തു.പിന്നെ സുഹൃത്തിനെയും കൂട്ടി എമർജൻസി ഡോർ വഴി പുറത്തേക്ക് കടന്ന് ആളുകളെ വിളിച്ച് വരുത്താനായിരുന്നു ആലോചിച്ചത്.വിമാനത്തിന്റെ ചിറകിന്മേൽ കയറി നിന്ന് ഇരുപത് മിനിറ്റോളം ആളുകളെ കൂട്ടാൻ ശബ്ദം വച്ചു.അപ്പോഴേക്കും സി. ആർ.പി.എഫും, ഫയർഫോഴുസും കുതിച്ചെത്തിയിരുന്നു.ഇന്ധനം ലീക്കാകുന്നത് കൊണ്ട് ഫയർ ഫോഴ്സുകാർ വെളളമടിച്ച് അത് നിയന്ത്രിച്ചു.പരിക്കേറ്റ ഒരു കുട്ടിയെയും കൊണ്ട് എയർ പോർട്ടിന് അടുത്ത് തന്നെയുളള ഒരാളുടെ വാഹനത്തിൽ കൊണ്ടോട്ടി ഹോസ്പിറ്റലിലേക്ക് കുതിച്ചു. അവിടെ നിരവധി കേസുകൾ ഉണ്ടായിരുന്നു.പിന്നെ പുളിക്കൽ ബി.എം ഹോസ്പിറ്റലിലേക്ക് പോയി.ക്വാറന്റൈൽ ഉളളതിനാൽ ഹോസ്പിറ്റലിൽ നിന്നില്ല.എല്ലാം കഴിഞ്ഞപ്പോഴാണ് വീട്ടുകാരെപ്പോലും ഒാർത്തത്.നാട്ടിൽ നിന്ന് തന്നെ കൂട്ടാൻ വേണ്ടി എയർപോർട്ടിൽ വന്ന വാഹനം സ്വന്തമായി ഒാടിച്ചാണ് രാത്രി ഒന്നരയോടെ മാനന്തവാടിയിലെത്തിയത്. അപ്പോൾ കയ്യിൽ ഉണ്ടായിരുന്നത് ഒരു പെഴ്സും മൊബൈൽ ഫോണും മാത്രം.യാത്രയിൽ വച്ചാണ് കൂടുതൽ പേർ മരണപ്പെട്ട വിവരം അറിയുന്നത്.ഏവരെയും റബ് തുണക്കട്ടെ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YUJIN YUSAF, KARIPUR AIR CRASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA