
കോഴിക്കോട്: അദ്ധ്യാപികമാർ ഉൾപെട്ട എം.ഡി.എം.എ കേസിൽ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ എൻ.ഡി.പി.എസ് കോടതി തള്ളി. പേരാമ്പ്ര ബി.ആർ.സിയിലെ അദ്ധ്യാപകരായിരുന്ന മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ, അഞ്ചാം പ്രതിയും ഡെലിവറി ബോയിയുമായിരുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സ്‌പെഷ്യൽ ജഡ്ജ് അന്യാസ് തയ്യിലാണ് അപേക്ഷ നിരസിച്ചത്. ജിജിൽ പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിലും പ്രതിയാണ്.
ഒന്നാം പ്രതി വടകര താഴെ അങ്ങാടി സ്വദേശി സഫ്വാൻ 60 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ വടകര എൻ.ഡി.പി.എസ് കോടതിയും രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
കീർത്തന, കാവ്യ, നീഷ്മ തുടങ്ങിയവർ ജിജിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറു മാസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലൂടെ കൈമാറിയത്. ഈ പണം മുഖ്യപ്രതിയായ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് പോയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |