
തൊടുപുഴ: കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സംസ്ഥാനത്തെ അണക്കെട്ടുകളിലാകെ ശേഷിക്കുന്നത് 63% ജലം . കഴിഞ്ഞ വർഷമിത് 79 ശതമാനമായിരുന്നു. 2597.296 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ശേഷിക്കുന്നത്. പ്രതിദിന വൈദ്യുത ഉപഭോഗം ഇപ്പോൾ 96.82 ദശലക്ഷം യൂണിറ്റാണ്. ഇതനുസരിച്ച് 100 ദിവസത്തേക്ക് കൂടി വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ശേഷിക്കുന്നത്. ഇതിന് മുമ്പ് 2017ലാണ് ജലസംഭരണികളിലെ ജലനിരപ്പ് ഇതിലും താഴ്ന്നത്. അന്ന് സെപ്തംബറിൽ 55% ജലമാണ് ബാക്കിയുണ്ടായിരുന്നത്. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ നിലവിലെ ജലനിരപ്പ് 2368.16 അടിയാണ്. പരമാവധി സംഭരണ ശേഷിയുടെ 63%. കഴിഞ്ഞ വർഷത്തേക്കാൾ 14 അടിയോളം കുറവാണിത്. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ശരാശരി ഒമ്പത് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ആറ് ജനറേറ്ററും പ്രവർത്തിക്കുന്നു. ശബരിഗിരി പദ്ധതിയിൽ ശരാശരി നാല് ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കുന്നു. എല്ലാ പദ്ധതികളിൽ നിന്നുമായി 27.3362 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്. 96.3978 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ബാക്കി 69.0616 ദശ ലക്ഷം യൂണിറ്റ് പുറമെ നിന്ന് വാങ്ങി. മഴ കിട്ടിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
മഴയിൽ
വൻ കുറവ്
എൽനിനോ പ്രതിഭാസത്തെ തുടർന്ന് കേരളത്തിൽ ഇത്തവണ കാലവർഷം 26 ശതമാനം കുറവായിരുന്നു. 1864 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1373.5 മി.മീ മാത്രമാണ് ലഭിച്ചത്. ഏറ്റവുമധികം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിൽ 47 ശതമാനം മഴയാണ് കുറഞ്ഞത്. വയനാടാണ് ഏറ്റവുമധികം മഴ കുറഞ്ഞത്- 53%.
പ്രധാന ഡാമുകളിലെ
ജലനിരപ്പ്
(ശതമാനത്തിൽ)
ഇടുക്കി- 63
പമ്പ- 66
ഷോളയാർ- 88
ഇടമലയാർ- 69
കുണ്ടള- 50
മാട്ടുപ്പെട്ടി- 21
കുറ്റിയാടി- 44
ആനയിറങ്കൽ- 30
പൊന്മുടി- 39
നേര്യമംഗലം- 59
പെരിങ്ങൽ- 35
ലോവർ പെരിയാർ- 62
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |