SignIn
Kerala Kaumudi Online
Friday, 03 July 2026 1.37 AM IST

കേരളകൗമുദി പോരാട്ടവീര്യമുള്ള മാദ്ധ്യമം: മന്ത്രി ഷംസുദ്ദീൻ

kaumudi

തിരുവനന്തപുരം: കേരളചരിത്രത്തിലെ പോരാട്ടവീര്യമുള്ള മാദ്ധ്യമമാണ് കേരളകൗമുദിയെന്ന് പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. കുട്ടികൾ തിളക്കമുള്ള കുഞ്ഞുനക്ഷത്രങ്ങളാണ്. അവർ ചതിക്കുഴികളിൽ വീണ് കരിഞ്ഞുപോകരുതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴക്കൂട്ടം അൽസാജിൽ നടന്ന 'നേർവഴികാട്ടാം" വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്തെ കേരളകൗമുദിയുടെ ഇടപെടലുകൾ അഭിനന്ദനീയമാണ്. 'നേർവഴി കാട്ടാം" എന്ന ശീർഷകത്തിന് ഇന്ന് വലിയ പ്രസക്തിയുണ്ട്. കുട്ടികളെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങൾ സമൂഹത്തിലുണ്ട്. രാസലഹരി പിടിമുറുക്കിയതുകൊണ്ടാണ് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കിയത്. കുട്ടികൾ ജാഗ്രതയുള്ളവരായിരിക്കണം. രാസലഹരി ശരീരത്തിൽ കുത്തിക്കയറ്റി മായാലോകത്ത് എരിഞ്ഞുതീരേണ്ടവരല്ല. പഴയ തലമുറയ്ക്ക് സ്വപ്നം കാണാൻ കഴിയാത്തത്ര മിടുക്കുള്ളവരാണ് ഇപ്പോഴത്തെ കുട്ടികൾ. ആ നക്ഷത്രങ്ങൾ കെട്ടുപോകരുത്. ജീവിതമാണ് ലഹരിയെന്ന് കുട്ടികൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾ തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽ ദാതാക്കളായി മാറണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്.നായർ പറഞ്ഞു. പഠിച്ചുകഴിഞ്ഞാൽ ജോലി ലഭിക്കുന്ന നിലയിലേക്ക് കേരളം എത്തിയിട്ടില്ല. സ്വകാര്യമേഖലയിൽ തൊഴിൽ വരണമെങ്കിൽ നിക്ഷേപം ആവശ്യമാണ്. മനുഷ്യന് ആഹ്ളാദവും സന്തോഷവും നൽകാനാകുന്നില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല. സംഗീതത്തെപ്പോലെ ചിന്തകളും നമ്മളെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് അദ്ധ്യക്ഷനായിരുന്നു. ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ പ്രഭാഷണം നടത്തി. മന്ത്രി എൻ. ഷംസുദ്ദീന് കേരളകൗമുദിയുടെ ഉപഹാരം വി.എസ്. രാജേഷ് നൽകി.

വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, ലീകോൾ ചെമ്പക ചെയർമാൻ വി.എൻ.പി.രാജ്, നോബിൾ ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് മാനേജർ സുഭാഷ് ചന്ദ്രൻ, ക്രൗൺ എയ്‌റോ പൈലറ്റ് അക്കാഡമി ചെയർമാൻ ചന്ദ്രബോസ് വേദാചലം, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏവിയേഷൻ മാനേജിംഗ് ഡയറക്ടർ ഗിരീഷ് കുമാർ.എ.ആർ, മാതാകോളേജ് ഒഫ് മെഡിക്കൽ ടെക്‌നോളജി ചെയർപേഴ്സൺ ജിജിജോസഫ്, ടി.എം.സി ടെക്‌നോളജി മാനേജിംഗ് ഡയറക്ടർ ജമീൽ യൂസഫ് എന്നിവർക്ക് മന്ത്രി എൻ. ഷംസുദ്ദീൻ ഉപഹാരങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA