
ന്യൂഡൽഹി: കാശ്മീരിലും അരുണാചൽ പ്രദേശിലും കൊടുംശൈത്യത്തിൽ ശത്രുക്കളെ നേരിടേണ്ടി വരുന്ന ഇന്ത്യയ്ക്ക് കരുത്തു പകരാൻ സ്വന്തം യുദ്ധവിമാന എൻജിനായ കാവേരി വിജയകരമായി പരീക്ഷിച്ചു. അതിശൈത്യ കാലാവസ്ഥയിൽ എൻജിന്റെ കരുത്തറിയാൻ റഷ്യയിലാണ് പരീക്ഷണം നടത്തിയത്.
13,000 മീറ്റർ ഉയരത്തിന് സമാനമായ 46 കിലോന്യൂട്ടൺ ത്രസ്റ്റ് (വിമാനത്തെ മുന്നോട്ട് തള്ളുന്ന എൻജിന്റെ ശക്തി) ആയിരുന്നു ലക്ഷ്യം. കാവേരി 48.5 കിലോ ന്യൂട്ടൺ ത്രസ്റ്റ് കൈവരിച്ചു.
'ആളില്ലാ യുദ്ധവിമാനമായ 'ഘാതകിൽ' ഉപയോഗിക്കാനാണിത്. എൻജിന്റെ തുടർപരീക്ഷണങ്ങളും വിമാനവുമായി സംയോജിപ്പിച്ചുള്ള പരിശോധനകളും പൂർത്തിയാക്കിയ ശേഷമായിരിക്കും ഘാതകിൽ ഉപയോഗിക്കുക.
കൂടുതൽ കരുത്തുള്ള കാവേരി 2.0 വികസിപ്പിക്കാനുള്ള ശ്രമവും പുരോഗമിക്കുന്നു. 55 മുതൽ 60 കെ.എൻ. വരെ ഡ്രൈ ത്രസ്റ്റും ആഫ്റ്റർബേണറോടെ 90 മുതൽ 100 കെ.എൻ. വരെ ത്രസ്റ്റുമാണ് ലക്ഷ്യമിടുന്നത്.
മതിയായ ത്രസ്റ്റ് കൈവരിക്കാനാകാത്തതിനാൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിൽ കാവേരി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
തേജസ് എം.കെ2യ്ക്ക് നിലവിൽ വിദേശ എൻജിനാണ് പദ്ധതിയിലുള്ളത്. കാവേരി 2.0 ആവശ്യമായ ത്രസ്റ്റ് കൈവരിക്കുകയും പരീക്ഷണങ്ങളും സർട്ടിഫിക്കേഷനും പൂർത്തിയാക്കുകയും ചെയ്താൽ തദ്ദേശീയ യുദ്ധവിമാന പദ്ധതികളുടെ ഭാഗമാകും.
കാവേരി ഡ്രൈ എൻജിൻ
അനിവാര്യം
ശത്രു റഡാറുകളിൽ നിന്നും ഇൻഫ്രാറെഡ് തെർമൽ ക്യാമറകളിൽ നിന്നും മറഞ്ഞിരിക്കാൻ ഘാതക് ഡ്രോണിന് വലിയ എൻജിൻ ചൂടോ ശബ്ദമോ ഉണ്ടാക്കാൻ പാടില്ല. ഇതിനായി ആഫ്റ്റർബേണർ (അധിക ഇന്ധനം ഉപയോഗിച്ച് എൻജിന് കൂടുതൽ തള്ളൽ നൽകുന്ന സംവിധാനം) ഇല്ലാത്ത 'ഡ്രൈ എൻജിൻ' കൂടിയേ തീരൂ. കാവേരിയുടെ ഡ്രൈ വേരിയന്റ് 48.5 കെ.എൻ. ത്രസ്റ്റ് വിജയിച്ചതോടെ ഘാതക് ഡ്രോണിന് അനുയോജ്യമായ എൻജിൻ ലഭിച്ചിരിക്കുകയാണ്.
എന്താണ് ഘാതക്?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കില്ലർ ഡ്രോൺ അഥവാ അൺമാൻഡ് കോംബാറ്റ് എയർ വെഹിക്കിൾ (യു.സി.എ.വി) ആണ് 'പ്രോജക്ട് ഘാതക്'. അപകടകരമായ ശത്രുമേഖലകളിൽ പൈലറ്റില്ലാതെ കടന്നുചെന്ന് ബോംബാക്രമണം നടത്താനും റഡാർ കേന്ദ്രങ്ങൾ തകർക്കാനും ശേഷിയുള്ള പ്രതിരോധ ആയുധമാണിത്.
സവിശേഷതകൾ:
യുദ്ധരംഗത്തെ പ്രാധാന്യം
പൈലറ്റുമാരുടെ ജീവൻ പണയം വെക്കാതെ ശത്രുരാജ്യത്തിന്റെ ഉള്ളിലേക്ക് തുളച്ചുകയറി ആക്രമണം നടത്താനുള്ള ഏറ്റവും ശക്തമായ സാങ്കേതിക മുന്നേറ്റമാണ് ഘാതക്. ഭാവി യുദ്ധവിമാനങ്ങളായ തേജസ് എം.കെ-2, എ.എം.സി.എ(നൂതന ഇടത്തര യുദ്ധവിമാനം) തുടങ്ങിയവയ്ക്ക് ഒപ്പം പ്രവർത്തിക്കാനും ഈ അറ്റാക്ക് ഡ്രോണുകൾക്ക് സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |