
തിരുവനന്തപുരം: പ്ലാനിംഗ് ബോർഡ് ചീഫ് നിയമനത്തിൽ വൻ ക്രമക്കേടുകൾ കാട്ടിയ പി.എസ്.സിയിലെ 2 ഉന്നത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനുള്ള ശുപാർശയിൽ സർക്കാരിന്റെ മെല്ലെപ്പോക്ക്. അഡി.സെക്രട്ടറിയെ സസ്പെൻഡ് ചെയ്യാനും വിരമിച്ച ഡെപ്യൂട്ടി സെക്രട്ടറിയുടെ പെൻഷൻ തടയാനും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. ഒരാഴ്ചയിലേറെയായിട്ടും തീരുമാനമായിട്ടില്ല.
നിയമന തട്ടിപ്പന്വേഷിക്കുന്ന ഐ.ജി അജീതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയാണ് ഇരുവർക്കുമെതിരേ നടപടിയെടുക്കാൻ ഡി.ജി.പിക്ക് ശുപാർശ നൽകിയത്. പി.എസ്.സിയിലെ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നതിലെ ആശയക്കുഴപ്പം കാരണമാണ് നടപടി നീളുന്നതെന്നാണ് സൂചന. സസ്പെൻഷന് മുന്നോടിയായി മെമ്മോ നൽകി വിശദീകരണം തേടണമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനാൽ സസ്പെൻഡ് ചെയ്ത ശേഷം വകുപ്പുതല അന്വേഷണം മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതിനിടെ, പരീക്ഷാ, നിയമന ക്രമക്കേടുകളിൽ കൂടുതൽ കേസുകൾ ഉടൻ രജിസ്റ്റർ ചെയ്യാനാണ് എസ്.ഐ.ടിയുടെ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |