SignIn
Kerala Kaumudi Online
Saturday, 17 October 2026 3.37 AM IST

ലഹരിക്കേസ് പ്രതി അബുദാബിയിൽ അറസ്റ്റിൽ  ചരിത്രം കുറിച്ച് എക്‌സൈസ്

a

തിരുവനന്തപുരം: മൂന്നുവർഷം മുൻപ് വിദേശത്തേക്ക് കടന്ന ലഹരിക്കേസ് പ്രതിയെ എക്സൈസ് ക്രൈംബ്രാഞ്ച് അബുദാബിയിൽ നിന്ന് പിടികൂടി. തിരുവനന്തപുരം ആറ്റിപ്ര വലിയവേളി ടി.സി. 81/511 എയ്ഞ്ചൽ ഹോമിൽ ഷോൺ സുനിൽ ബേർട്ടാണ് (24) അറസ്റ്റിലായത്. എക്സൈസ് ആദ്യമായാണ് പ്രതിയെ വിദേശത്ത് പോയി പിടിക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിക്കും.

2023 ജൂലായ് ഒമ്പതിന് രാത്രി ഏഴിനായിരുന്നു ലഹരി വസ്തുക്കൾ പിടികൂടിയത്. വാഹനത്തിൽ കടത്തിയ 155.480 കിലോ കഞ്ചാവും 70.71 ഗ്രാം എം.ഡി.എം.എയും ആറ്റിങ്ങൽ പുളിമാത്ത് നെറ്റ് ജംഗ്ഷനിലെ പരിശോധനയ്‌ക്കിടെ എക്സൈസ് പിടികൂടുകയായിരുന്നു. കേസിലെ എട്ടാം പ്രതിയാണ് ഷോൺ സുനിൽ.

ആറ്റിപ്ര പൗണ്ട്കടവ് വലിയവേളി ടി.സി. 81/304 തൈവിളാകം വീട്ടിൽ കാർലൂയിസ് ആനന്ദൻ (34), കഠിനംകുളം ആറാട്ട്മുക്ക് പുതുക്കുറുച്ചി ജെ.എസ്.നിവാസിൽ ജോഷ്വ സൈമൺ (24), ആറ്റിപ്ര വലിയവേളി ടി.സി 99/186 തൈവിളാകം എ.എം കോട്ടേജിൽ അനുആന്റണി (34), വലിയവേളി തൈവിളാകം അലീന നിവാസിൽ ജെ. ഷിബു (20) എന്നിവരെ സംഭവ സ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

അഞ്ചാം പ്രതി കൊച്ചുവേളി മാധവപുരം കോളനി ടി.സി.32/ 299ൽ വാടകയ്ക്ക് താമസിക്കുന്ന ദീപക് ജോൺസൺ (34), ആറാം പ്രതി മുട്ടത്തറ ചെറിയതുറ ദേശത്ത് വള്ളക്കടവ് ടി.സി 45/964 (2) ലൗ നെസ്റ്റിൽ ടിറ്റു ടി.എസ് (37), ഏഴാം പ്രതി കൊല്ലം കൊട്ടാരക്കര ഇളമാട് വേങ്ങൂർ തണ്ണിപ്പാറ പുത്തൻവീട്ടിൽ അജിൻ അച്ചൻകുഞ്ഞ് (22) എന്നിവരെ പിന്നീട് പിടികൂടി.

തിരുവനന്തപുരം എക്‌സൈസ് ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ബി.എൽ. ഷിബുവും സംഘവുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

റെഡ് നോട്ടീസിറക്കി പിടികൂടി

ഷോൺ സുനിലിനെ ഇന്ത്യയിലെത്തിക്കാൻ അന്വേഷണസംഘം രാജ്യാന്തര ഏജൻസികളുടെ സഹായം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ എന്നിവയുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിച്ചു. 2024 ജൂൺ 21ന് ഇന്റർപോൾ റെഡ് നോട്ടീസിറക്കി. അബുദാബിയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുമായി നടത്തിയ ഏകോപനത്തിലൂടെയാണ് പ്രതിയെ ഇന്ത്യയ്‌ക്ക് കൈമാറിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്പെക്ട‌ർ ബി. ശോഭൻ ബാബു, സിവിൽ എക്സൈസ് ഓഫീസർ ബി. യദു കൃഷ്ണൻ എന്നിവരാണ് അബുദാബിയിലേക്ക് പോയത്. 2024 ജനുവരി മൂന്നിന് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പ്രദീപ് റാവു .എ തിസെഷൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA