SignIn
Kerala Kaumudi Online
Sunday, 31 May 2026 9.41 AM IST

ഇടഞ്ഞ കൊമ്പനെ മെരുക്കാൻ പണിപ്പെട്ട് കോൺഗ്രസ്, കരിമ്പ് കാട്ടി വരുതിയിലാക്കാൻ സി.പി.എമ്മും ബി.ജെ.പിയും

shashitharoor

തിരുവനന്തപുരം: മദമിളകിയ കൊമ്പനെ തോട്ടി കൊണ്ടും കുങ്കി ആനകളെ ഇറക്കിയും മെരുക്കാനുള്ള തന്ത്രങ്ങൾ പൊളിഞ്ഞിട്ടും മയക്കുവെടി വയ്ക്കാനാവാതെ കോൺഗ്രസ്.കരിമ്പും പനമ്പട്ടയും കാട്ടി മോഹിപ്പിച്ച് വശത്താക്കാൻ സി.പി.എമ്മും,ബി.ജെ.പിയും.കലി തുള്ളി അലയുന്ന കൊമ്പന്റെ ലക്ഷ്യസ്ഥാനം അജ്ഞാതം. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പ്രവർത്തക സമിതി അംഗം ശശി തരൂരിന്റെ അമിട്ടുകൾ പാർട്ടിയെ വിറ കൊള്ളിക്കുന്നു.കൂടുതൽ പ്രകോപിപ്പിക്കുന്നത് അപകടമാവും.ക്ഷമയോടെ കാത്തിരിക്കാനാണ് ഹൈക്കമാൻഡിന്റെ കൽപ്പന!.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ വിയർപ്പൊഴുക്കുകയാണ് കോൺഗ്രസ്.മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വടം വലികൾ മുറുകുന്ന ഘട്ടത്തിലാണ് ശകുനം മുടക്കുമ്പോലെ തരൂരിന്റെ ആദ്യ വെടി പൊട്ടിയത്.പിണറായി സർക്കാർ പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിൽ രാജ്യത്ത് 28-ാം സ്ഥാനത്തായിരുന്ന കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചു. ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിൽ തരൂർ നടത്തിയ പ്രശംസ സംസ്ഥാനത്ത് വ്യവസായ രംഗം തകർന്നടിഞ്ഞതായി പ്രസംഗിച്ചു നടക്കുന്ന കോൺഗ്രസ് നേതാക്കളുടെ ചങ്കിലാണ് തറച്ചത്.

മുഖ്യമന്ത്രി പദം

അസാദ്ധ്യം

കേരളത്തിൽ കോൺഗ്രസിന് ശക്തനായ നേതാവിന്റെ അഭാവമുണ്ടെന്ന് അഭിമുഖത്തിൽ തുറന്നടിച്ച തരൂർ,പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാനായില്ലെങ്കിൽ യു.‌ഡി.എഫ് മൂന്നാമതും പ്രതിപക്ഷത്തിരിക്കുമെന്നും പറഞ്ഞു. അത്തരം വോട്ടുകൾ കൂടി പിടിക്കാൻ കഴിവുള്ള തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നിൽ നിറുത്തിയാലേ കോൺഗ്രസ് ഭരണം പിടിക്കൂ.പാർട്ടി തന്നെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ മറ്റ് വഴികൾ തേടുമെന്നാണ് തരൂരിന്റെ മുന്നറിയിപ്പ്.വിശ്വപൗരനാണെങ്കിലും,സംഘടനാപരമായ പ്രവർത്തന പരിചയമോ,പിൻബലമോ ഇല്ലാത്ത തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുക കോൺഗ്രസ് നേതൃത്വത്തിന് അചിന്ത്യം.വിശേഷിച്ച് ഹൈക്കമാൻഡിന്റെ ഇംഗിതവും സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും എതിരാവുമ്പോൾ. ബുധനാഴ്ച പുറത്ത് വരുന്ന അഭിമുഖത്തിന്റെ പൂർണ രൂപത്തിൽ എന്തൊക്കെ ഗുണ്ടുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന ചോദ്യവും ഉയരുന്നു.

ഉൾക്കൊള്ളാനാവാതെ

സി.പി.എമ്മും

ഇടതു സർക്കാരിനെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രശംസയെയും,കോൺഗ്രസ് നേതൃത്വത്തിന് നേരേ ഉയർത്തുന്ന വെല്ലുവിളികളെയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് സി.പി.എം. പക്ഷേ,തരൂർ കോൺഗ്രസ് വിട്ടു വന്നാൽ എങ്ങനെ ഉൾക്കൊള്ളാനാവുമെന്നതും ചോദ്യചിഹ്നമാണ്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തരൂരിനെ ഉയർത്തിക്കാട്ടുക കമ്മ്യൂണിസ്റ്റ് രീതിക്ക് ചേർന്നതല്ല.കോൺഗ്രസിലെ ഒരു വിഭാഗത്തെ അടർത്തി മാറ്റി അവർക്കൊപ്പം തരൂർ ഇടതു പാളയത്തിലെത്തിയേക്കുമെന്നും എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിലെത്തിയാൽ തരൂരിനെ ഉപ മുഖ്യമന്ത്രിയാക്കുമെന്നുമുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. പക്ഷേ, അതിനുള്ള സാദ്ധ്യത വിരളം.

ബി.ജെ.പിക്ക്

സ്വീകാര്യൻ,പക്ഷേ...

തരൂർ വന്നാൽ ഇരു കൈയും നീട്ടി സ്വീകരിക്കാൻ ബി.ജെ.പി തയാറായേക്കുമെന്നാണ് കേൾക്കുന്നത്. കോൺഗ്രസിന്റെ ദേശീയ മുഖമായ തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നത് ബി.ജെ.പിയുടെ മൈലേജ് കൂട്ടും അല്ലെങ്കിൽ അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കാം. പക്ഷേ,അതിനും ചില കടമ്പകളുണ്ട്. അദ്ദേഹത്തെ കോൺഗ്രസ് ആദ്യം പുറത്താക്കണം. അല്ലാത്ത പക്ഷം,മതേതരത്തിന്റെ പേരിൽ ഇതുവരെ പറഞ്ഞ് നടന്നതൊക്കെ വിഴുങ്ങേണ്ടി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA