SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

മെഡി.കോളേജ് തീപിടിത്തിനുശേഷം വെന്റിലേറ്ററിലെ അഞ്ച് പേർ മരിച്ചു തീപിടിത്തവുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ

f

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയ അഞ്ചുപേർ മരിച്ചത് അനാസ്ഥ കൊണ്ടെന്ന് ആക്ഷേപം . എന്നാൽ മരണവും തീപിടിത്തവുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗികൾ പല ദിവസമാണ് മരിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ ഇക്കാര്യം വ്യക്തമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ബന്ധുക്കൾ പൊലീസിലോ ആശുപത്രി സൂപ്രണ്ടിനോ പരാതി നൽകിയിട്ടില്ല. വിവിധ വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ്, ആയൂർ സ്വദേശി കൃഷ്ണൻകുട്ടി, ഓട്ടോ ഡ്രൈവർ അബ്ദുൾ റഹീം, ചിറയിൻകീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്.

സനീഷിന്റെയും കൃഷ്ണൻകുട്ടിയുടെയും ബന്ധുക്കളാണ് ആക്ഷേപം ഉന്നയിച്ചത്. കൃഷ്ണൻകുട്ടി തീപിടിത്തമുണ്ടായ ചൊവ്വാഴ്ചയും സനീഷ് പിറ്റേദിവസവുമാണ് മരിച്ചത്. അപകടനില തരണം ചെയ്ത സനീഷ് പൊടിയരികഞ്ഞി കഴിച്ചു തുടങ്ങിയിരുന്നുവെന്നും തീപിടിത്തത്തിനു ശേഷമാണ് നില വഷളായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വെന്റിലേറ്ററിൽ നിന്ന് പെട്ടെന്ന് മാറ്റിയതാണ് മരണ കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സനീഷിന് ഘടിപ്പിച്ചിരുന്ന വെന്റിലേറ്ററിലാണ് തീപിടിത്തമുണ്ടായതന്നും ബന്ധുക്കൾ പറഞ്ഞു. ശരീരത്തിൽ ഗുരുതരമായ പൊട്ടലും ശ്വാസകോശത്തിൽ നീർക്കെട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമായി ചികിത്സയിലായിരുന്ന രോഗികളുടെ അവസ്ഥ കേസ് ഷീറ്റിൽ എഴുതിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗികളെ വെന്റിലേറ്റർ സംവിധാനത്തോടെയാണ്

മറ്റൊരു ഐ.സി.യുവിലേക്ക് മാറ്റിയത്.

ഇൻഷ്വറൻസ് കിട്ടില്ലെന്ന് ഭയം!

തീപിടിത്തത്തെ തുടർന്നുള്ള മാറ്രമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും പരാതി നൽകിയാൽ അത് ഇൻഷ്വറൻസിനെ ബാധിക്കും.ഇത് ഭയന്നാണ് ആരും പരാതി നൽകാത്തതെന്ന് സൂചന .മരിച്ചവരെല്ലാം റോഡ്അപകടങ്ങളിൽപ്പെട്ടവരാണ്.ഇൻഷ്വറൻസ് അനുകൂല്യം ലഭിക്കണമെങ്കിൽ മരണകാരണം മറ്റൊന്നാകാൻ പാടില്ല. ചികിത്സാപിഴവ് ഉന്നയിച്ചാൽ, ഇൻഷ്വറൻസ് കമ്പനികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് കോടതിയിൽ വാദിക്കും.

മാറ്റിയത് 32പേരെ

തീപിടിത്തത്തെ തുടർന്ന് സർജിക്കൽ,ന്യൂറോ ഐ.സി യൂണിറ്റുകളിലെ 32 പേരെയാണ് മാറ്റിയത്.

വെന്റിലേറ്ററിലായിരിക്കെ തിരക്കിട്ട് മാറ്റാൻ പാടില്ലെങ്കിലും മറ്റൊരുവഴിയും രക്ഷാപ്രവർത്തകർക്ക് മുന്നിലുണ്ടായിരുന്നില്ല. വെന്റിലേറ്ററിലെ രോഗികളെ ഓക്‌സിജൻ ട്രോളിയിൽ കയറ്റി ഓക്‌സിജൻ മാസ്‌ക് വച്ച്, ആർട്ടിഫിഷ്യൽ മാനുവൽ ബ്രീത്തിംഗ് യൂണിറ്റ് ഘടിപ്പിച്ചാണ് മാറ്റിയത്.

രോഗികളുടെ മരണം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭ്യമായിട്ടില്ല. പരാതി ലഭിക്കുകയാണെങ്കിൽ നിയമപരമായി പരിശോധിക്കും.ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തരുത്.

-ഡോ.പി.കെ.ജബ്ബാർ

പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FIRE HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA