SignIn
Kerala Kaumudi Online
Friday, 17 July 2026 2.21 AM IST

ഗഗൻയാൻ ടീമിലെ 80 പേർ രാജിവച്ചു ഐ.എസ്.ആർ.ഒ വിട്ടവരിൽ റോക്കറ്റ് ഡയറക്ടറും ബഹിരാകാശ ദൗത്യങ്ങളിൽ ആശങ്ക സ്വയം വിരമിക്കലിന്  നിയന്ത്രണം

f

തിരുവനന്തപുരം: ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാനുവേണ്ടിയുള്ള റോക്കറ്റ് എൽ.വി.എം-3യുടെ ഡയറക്ടർ വിക്ടർ ജോസഫ് അടക്കം ദൗത്യത്തിലെ 80ലേറെ ശാസ്ത്രജ്ഞർ രാജിവച്ചു. ഈ വർഷം അവസാനം ഗഗൻയാനിന്റെ ഒന്നാം ആളില്ലാ മിഷനും അടുത്തവർഷം ഗഗൻയാൻ ട്രയലും പിന്നത്തെ വർഷം വിക്ഷേപണവും നടത്താനിരിക്കെയാണ് കൂട്ടരാജി. ബംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞരാണിവർ.

സുപ്രധാന ബഹിരാകാശ ദൗത്യങ്ങൾ ത്രിശങ്കുവിലായതോടെ നിർണ്ണായക പദവികളിലിരിക്കുന്നവർക്ക് സ്വയം വിരമിക്കൽ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ശാസ്ത്രജ്ഞരുടെ രാജികത്ത് അംഗീകരിക്കുന്നതിനുള്ള അധികാരം സ്ഥാപനമേധാവികളിൽ നിന്ന് എടുത്തുമാറ്റി. ഐ.എസ്.ആർ.ഒ.ചെയർമാന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതിയോടെ മാത്രമേ ഇത്തരം രാജി ഇനി അംഗീകരിക്കുകയുള്ളു.ചൊവ്വാഴ്ച കേന്ദ്രബഹിരാകാശ വകുപ്പ് ജോയന്റ് സെക്രട്ടറി എസ്.ആർ.രാജശേഖറാണ് ഉത്തരവ് ഇറക്കിയത്.

ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും വലിയ കേന്ദ്രമായ തിരുവനന്തപുരത്തെ വി.എസ്.എസ്.സി.യിലാണ് ഗഗൻയാനുള്ള എൽ.വി.എം.3 റോക്കറ്റ് നിർമ്മിക്കുന്നത്.അതീവശേഷിയും വിശ്വസ്തതയുമുള്ള ഹ്യൂമൻ റേറ്റഡ് റോക്കറ്റാണിത്.

ചന്ദ്രയാൻ-3 ദൗത്യം, ഐ.എസ്.ആർ.ഒ.യുടെ വൻനേട്ടമായി കണക്കാക്കുന്ന സ്പെഡക്സ് ദൗത്യം എന്നിവയുടെ നിർണ്ണായക പദവിയിലിരിക്കുന്നവരും രാജിവെച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. ബഹിരാകാശത്തുവെച്ച് ഉപഗ്രഹങ്ങളെ യോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്ന പദ്ധതിയാണ് സ്പെഡക്സ്. എസ്.സോമനാഥ് ചെയർമാനിരിക്കുമ്പോഴാണ് ഇത് വിജയകരമായി നടത്തിയത്.

ഒരു വർഷത്തിനുള്ളിൽ

വിട്ടത് 120 ശാസ്ത്രജ്ഞർ

ഒരുവർഷത്തിനുള്ളിൽ നിർണ്ണായക പദവിയിലിരിക്കുന്ന 120ഓളം ശാസ്ത്രജ്ഞരാണ് ഇസ്രോ ഉപേക്ഷിച്ചത്. പത്തുവർഷത്തെ കണക്കെടുത്താൽ ഇത് 700ന് മേൽ വരും. വിരമിച്ചവരുടെ കണക്ക് വേറെയുണ്ട്. ഇക്കാലയളവിൽ റിക്രൂട്ട് ചെയ്തത് കേവലം 1096പേരെ മാത്രമാണ്.ഐ.ഐ.ടിയും എൻ.ഐ.ടിയും പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഐ.എസ്.ആർ.ഒ.യിലേക്ക് യുവജനങ്ങൾ വരുന്നില്ല.

# നിർണ്ണായക പദവികളിലിരിക്കുന്നവർ നേതൃത്വവുമായി പരിഭവിച്ചാണ് പോകുന്നത്. ഒരു വർഷത്തിനുള്ളിൽ പി.എസ്.എൽ.വി.യുടെ രണ്ട് ദൗത്യങ്ങളാണ് പരാജയപ്പെട്ടത്. സൈനിക ആവശ്യത്തിനായുള്ള അതീവ പ്രധാന്യമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണവും ഇതിലുൾപ്പെടുന്നു.

#കഴിഞ്ഞവർഷം കാര്യമായ വിക്ഷേപണങ്ങൾ നടത്താനായില്ല. ഗഗൻയാൻ ദൗത്യമാകട്ടെ അനന്തമായി നീണ്ടുപോകുകയാണ്.ഇതിന് കാരണം സുപ്രധാന പദവിയിലിരിക്കുന്നവർ രാജിവെച്ച് പോകുന്നതാണെന്നാണ് അറിയുന്നത്.

"ഉയർന്ന തസ്തികയിലുള്ളവർ വിട്ടുപോകുന്നത് അസാധാരണ സംഭവമല്ല.ഒരാൾ വിട്ടുപോയാൽ വേറൊരാളെ ചുമതലയേൽപിക്കും.സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ഒരിക്കലും പ്രതികൂലമായി ബാധിക്കില്ല.അത് ഉറപ്പാക്കാനാണ് കേന്ദ്രസർക്കാറിന്റെ ഇടപെടൽ. "

-ഡോ.വി.നാരായണൻ,

ഐ.എസ്.ആർ.ഒ.ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA