
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 70 കോടിയുടെ സമ്പൂർണ ഡിജിറ്റലൈസേഷന്റെ കൺസൾട്ടൻസി കരാർ നേടാൻ മുൻ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കിറ്റ്ഫ്രയുടെ ബ്രാൻഡ് നെയിമും വിശ്വാസ്യതയും ദുരുപയോഗം ചെയ്തതായി സൂചന. ഇതേക്കുറിച്ച് സംശയം ഉയർന്നതോടെ, വിശദാംശങ്ങൾ തേടി കിറ്റ്ഫ്ര ചെയർമാനായ ഇലക്‌ട്രോണിക്സ് ആന്റ് ഐ.റ്റി സെക്രട്ടറി കിറ്റ്ഫ്രയ്ക്ക് കത്തയച്ചു. റവന്യൂ ദേവസ്വം സെക്രട്ടറിയും കത്ത് നൽകി. ഒരു മാസമായിട്ടും വിവരം ലഭ്യമായിട്ടില്ല.
ദേവസം ബോർഡിലെ ഡിജിറ്റലൈസേഷന്റെ ചുമതല കിറ്റ്ഫ്രയ്ക്ക് നൽകാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതിനായി ദേവസ്വം ബോർഡും കിറ്റ്ഫ്രയും ധാരണാപത്രം ഒപ്പിട്ടു. പിന്നീട് കിറ്റ്ഫ്ര എം.ഡി സ്‌പെഷ്യൽ ഓഫീസറായി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചു. ഇത് കിറ്റ്ഫ്ര ചെയർമാനോ ബോർഡ് ഓഫ് ഡയറക്ടറ്റേഴ്‌സോ അറിഞ്ഞില്ല. കൺസൾട്ടൻസി കരാർ തട്ടിയെടുക്കാൻ ആസൂത്രിത നീക്കമുണ്ടായെന്ന സംശയം ഉയർന്നതിനെ തുടർന്നാണ് കിറ്റ്ഫ്ര ചെയർമാനായ ഇലക്‌ട്രോണിക്സ് ആന്റ് ഐ.റ്റി സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു കരാറിന്റെ വിശദാംശങ്ങൾ തേടിയത്. കരാറിന്റെ സാധുത , ദേവസ്വം ബോർഡുമായി കരാർ ഒപ്പിടാൻ തദ്ദേശ വകുപ്പിന്റെ അനുമതി, വകുപ്പുകളുമായോ സ്ഥാപനങ്ങളുമായോ ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കിറ്റ്ഫ്രയെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് എന്നിവയാണ് സെപ്റ്റംബർ 9ന് കിറ്റ്ഫ്ര എം.ഡിക്ക് നൽകിയ കത്തിൽ അന്വേഷിച്ചത്.
കൂടൽ മാണിക്യം ദേവസ്വം കമ്മിഷണർ എന്ന നിലയിൽ റവന്യൂ ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യവും ഇതേ ആവശ്യം ഉന്നയിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിനു ശേഷമാണ് സർക്കാരിന്റെ അനുമതി തേടി അയച്ച ഫയൽ എം.ജി.രാജമാണിക്യം തടഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |