
തിരുവനന്തപുരം: ബഹുമാനക്കുറവിന്റെ പേരിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും സി.പി.എം അംഗം എ.സി .മൊയ്തീനും തമ്മിൽ നിയമസഭയിൽ തർക്കം. സ്പീക്കറോട് ബഹുമാനക്കുറവു കാട്ടരുതെന്ന് തിരുവഞ്ചൂരും, കാട്ടിയിട്ടില്ലെന്നു എ.സി. മൊയ്തീനും. ബഹുമാനമുണ്ടെന്നു പറയുകയും ഇടയ്ക്കിടെ കുത്തുകയും ചെയ്യുന്നതു ശരിയല്ലെന്നു സ്പീക്കർ തിരിച്ചടിച്ചു.
മൊയ്തീൻ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുമ്പോൾ സമയം 9 മിനിറ്റ് കടന്നത് സ്പീക്കർ ചൂണ്ടിക്കാട്ടിയതാണ് തുടക്കം. സഭയിലെ ബഹളത്തിൽ നഷ്ടമായ സമയം തനിക്ക് കൂടുതലായി നൽകണമെന്ന മൊയ്തീന്റെ ആവശ്യമാണ് വാഗ്വാദത്തിലേക്ക് നീണ്ടത്. പ്രസംഗം ചുരുക്കാൻ സ്പീക്കർ പറഞ്ഞപ്പോൾ, പൊലിസ് പണവും സ്വാധീനവുമുള്ളവരെ സഹായിക്കുകയാണെന്ന് മൊയ്തീൻ ആവർത്തിച്ചു. ഇതു പല തവണ പറഞ്ഞല്ലോയെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ആനുകാലിക വിഷയം മാത്രമാകണം അടിയന്തര പ്രമേയത്തിൽ അവതരിപ്പിക്കേണ്ടതെന്നും സ്പീക്കർ പറഞ്ഞു. പൊലിസ് സേനയിലെ അക്രമ വാസന മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്ന് മൊയ്തീൻ മറുപടി നൽകി.
നെടുമ്പാശേരിയിൽ പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച വാഹനമിടിച്ച് മൂന്നു പേർ മരിച്ച കേസ് അട്ടിമറിക്കാൻ ആലപ്പുഴയിൽ നിന്നുള്ള ഭരണകക്ഷി എം.എൽ.എ ശ്രമിച്ചതായി മാധ്യമങ്ങളിൽ വാർത്തയുണ്ടെന്ന് മൊയ്തീൻ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രിമാരടക്കം ഭരണപക്ഷം എഴുന്നേറ്റു ബഹളമുണ്ടാക്കി. എം.എൽ.എ ഇടപെട്ടതിനു തെളിവുണ്ടോയെന്ന് പി.സി. വിഷ്ണുനാഥ്, എം.ലിജു എന്നീ മന്ത്രിമാരടക്കം ചോദിച്ചു. പ്രതിപക്ഷവും എഴുന്നേറ്റതോടെ സഭ ബഹളത്തിൽ മുങ്ങി. ബി.ജെ.പി അംഗം ബി.ബി. ഗോപകുമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും നടപടിക്രമം പാലിക്കാനാവാത്തതിനാൽ തള്ളുന്നതായി സ്പീക്കർ പറഞ്ഞു. അടിയന്തര പ്രമേയത്തിൽ ഒരു വിഷയമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ഓർമ്മിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |