
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് അടുത്ത വർഷം മുതൽ ഒരു വർഷ പി.ജി കോഴ്സിൽ പ്രവേശനം. കേരള സർവകലാശാലയിലായിരിക്കും ആദ്യം തുടങ്ങുക. യു.ജി.സിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചും ഡൽഹി സർവകലാശാലയുടെ മാതൃകയിലുമായിരിക്കും കോഴ്സ് ആരംഭിക്കുകയെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി'യോട് പറഞ്ഞു.
അടുത്തവർഷം മുതൽ രണ്ടുതരം പി.ജി കോഴ്സുണ്ടാവും. മൂന്നുവർഷ ബിരുദം പൂർത്തിയാക്കിയവർക്ക് രണ്ടുവർഷത്തെ (നാല്സെമസ്റ്ററുകൾ) പി.ജി കോഴ്സാണ്. നാലുവർഷ ഓണേഴ്സ് വിജയിച്ചവർക്കാണ് രണ്ട് സെമസ്റ്ററുകളുള്ള ഏകവർഷ കോഴ്സ്. നിലവിൽ നടത്തുന്ന രണ്ടുവർഷ പി.ജി കോഴ്സിലെ മൂന്നാം സെമസ്റ്ററിലേക്ക് ഇവർക്ക് നേരിട്ട് പ്രവേശനം നൽകണോ അതോ ഒരു വർഷ കോഴ്സ് പ്രത്യേകമായി രൂപകൽപ്പന ചെയ്യണോ എന്നത് പഠിക്കാൻ വിദഗ്ദ്ധസമിതിയെ കേരള സർവകലാശാല നിയോഗിച്ചു. പാഠ്യപദ്ധതിയും സിലബസും പ്രത്യേകം തയ്യാറാക്കണം. പി.ജി കോഴ്സുകൾക്കുള്ള യു.ജി.സിയുടെ കരികുലം ആൻഡ് ക്രെഡിറ്റ് ഫ്രെയിം വർക്കിന് അനുസൃതമായിരിക്കും കോഴ്സുകൾ.
ഓപ്പൺആൻഡ് ഡിസ്റ്റൻസ് ലേണിംഗ്, ഓൺലൈൻ രീതികളിൽ ഒരുവർഷത്തെ പി.ജി കോഴ്സുകൾ ആരംഭിക്കാൻ യു.ജി.സി മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. രണ്ടുവർഷ പി.ജി കോഴ്സ് നടത്താൻ യു.ജി.സി അംഗീകാരം നൽകിയിട്ടുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, അതേ വിഷയത്തിൽ ഒരുവർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാം ആരംഭിക്കാം.
സർവകലാശാലാ ചട്ടങ്ങൾ
ഭേദഗതി ചെയ്യണം
സർവകലാശാലാ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടിവരും. നിലവിലെ ചട്ടപ്രകാരം രണ്ടുവർഷ കോഴ്സേയുള്ളൂ.
പാഠ്യപദ്ധതി, പഠനവിഭവങ്ങൾ, മൂല്യനിർണ്ണയം, ക്രെഡിറ്റ് ചട്ടക്കൂട് എന്നിവയെല്ലാം യു.ജി.സി റഗുലേഷൻ പ്രകാരം ഭേദഗതി വരുത്തേണ്ടിവരും.
ബോർഡ് ഒഫ് സ്റ്റഡീസ്, അക്കാഡമിക് കൗൺസിൽ, എക്സിക്യുട്ടീവ് കൗൺസിൽ എന്നിങ്ങനെ സമിതികളുടെ അംഗീകാരവും യു.ജി.സി ചട്ടപ്രകാരമായിരിക്കും.
സംസ്ഥാനത്താദ്യമായി നാലുവർഷ ബിരുദകോഴ്സ് തുടങ്ങിയത് കേരള സർവകലാശാലയാണ്. ആ ബാച്ച് അടുത്തവർഷം പുറത്തിറങ്ങുമ്പോഴാവും ഒരുവർഷ പി.ജി ആരംഭിക്കുക''
-ഡോ.മോഹനൻ കുന്നുമ്മേൽ
വൈസ്ചാൻസലർ,
കേരളസർവകലാശാല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |