
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകളിൽ ഓൺസ്ക്രീൻ മൂല്യനിർണയം നടപ്പാക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. ഇതിനുള്ള നടപടിയെടുക്കാൻ ഫിനാൻസ് സബ്‌കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് സോഫ്‌റ്റ്‌വെയറിലാക്കി കമ്പ്യൂട്ടർ സ്ക്രീനിൽ തന്നെ മാർക്കിടുന്ന രീതിയാണ്. അദ്ധ്യാപകർക്ക് വീട്ടിലോ കോളേജിലോ ഇരുന്ന് മൂല്യനിർണയം നടത്താം. ഒരേസമയം ഇരട്ട മൂല്യനിർണയവും, അവയിൽ 15 ശതമാനത്തിലേറെ മാർക്ക് വ്യത്യാസമുണ്ടെങ്കിൽ മൂന്നാം മൂല്യനിർണയവുമുണ്ടാവും. ദിവസങ്ങൾക്കകം ഫലം പ്രഖ്യാപിക്കാനുമാവുമെന്നതാണ് ഗുണം.
ഒരു വർഷമായി തടഞ്ഞുവച്ചിരുന്ന മുന്നൂറോളം എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ സ്ഥാനക്കയറ്റങ്ങൾക്കും സിൻഡിക്കേറ്റ് അംഗീകാരം നൽകി. ബിരുദ വിദ്യാർത്ഥികൾക്ക് അവധി ദിവസങ്ങളിൽ അധിക ക്രെഡിറ്റിനായുള്ള കോഴ്സുകൾ നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തിയാണിത്.
ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളവർക്ക് സെപ്റ്റംബർ 30ന് ശേഷം സർവകലാശാലയുടെ അനുമതി കൂടാതെ നിയമനം നീട്ടി നൽകില്ല. കാലാവധി പൂർത്തിയാകുന്ന പഠന ബോർഡുകൾ പുനസംഘടിപ്പിക്കാൻ റിസർച്ച് സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. യൂണിവേഴ്സിറ്റി സെനറ്റ് ഹൗസ് ക്യാമ്പസിലും കാര്യവട്ടം ക്യാമ്പസിലുമുള്ള ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യ വൈദ്യപരിശോധന നൽകും. സിൻഡിക്കേറ്റ് യോഗം തിങ്കളാഴ്ചയും തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |