
കോർപ്പറേറ്റുകൾക്ക് സർക്കാർ ഭൂമി നൽകാനുള്ള ഗൂഢാലോചനയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: വ്യാവസായിക അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട്, യു.ഡി.എഫ് സർക്കാർ കന്നി ബഡ്ജറ്റിൽ പ്രഖ്യാപിച്ച രണ്ടാം ഭൂപരിഷ്‌കരണം തോട്ടം മേഖലയിലുൾപ്പെടെ ഭൂമിയുടെ ദുരുപയോഗത്തിന് വഴി വച്ചേക്കുമെന്ന് ആശങ്ക. ഒഴിഞ്ഞുകിടക്കുന്ന തോട്ടം ഭൂമികളിൽ വൻകിട കമ്പനികൾക്ക് കണ്ണുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ഇടുക്കിയിലേതുൾപ്പെടെ തോട്ടം ഭൂമികളുടെ രൂപമാറ്റമുണ്ടാകുമെന്നും ആശങ്കയുണ്ട്. കോർപ്പറേറ്റുകൾക്ക് സർക്കാർ ഭൂമി ലഭ്യമാക്കാനുള്ള ആസൂത്രിത നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇത് പുതിയൊരു രാഷ്ട്രീയ പോർമുഖത്തിന് വഴി തുറന്നേക്കും.
ഉപയോഗിക്കപ്പെടാതെയോ, ചുവപ്പുനാടയിൽ കുടുങ്ങിയോ കിടക്കുന്ന ഭൂമിയും വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മിച്ചഭൂമിയും ഉൾപ്പെടുത്തി ലാൻഡ് ബാങ്ക് രൂപീകരിക്കുകയാണ് ഉദ്ദേശ്യം. എന്നാൽ ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം വരുത്തുമ്പോൾ നിയമപ്രശ്നങ്ങളും ഉയർന്നുവരാം. ഇ.എം.എസ് സർക്കാരിന്റെ കാലത്ത് കെ.ആർ.ഗൗരിഅമ്മ അവതരിപ്പിച്ചതും പിന്നീട് അച്യുതമേനോൻ സർക്കാർ പൂർത്തീകരിച്ചതുമായ ഭൂപരിഷ്‌കരണ നിയമം, ജന്മിത്വത്തിന് അറുതി വരുത്തി കർഷകർക്കും തൊഴിലാളികൾക്കും ഭൂമി നൽകാനുദ്ദേശിച്ചായിരുന്നു. എന്നാൽ വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി പരിവർത്തനം വേഗത്തിലാക്കാനും, ലാൻഡ് പൂളിംഗ് നടപ്പാക്കാനുമാണ് പുതിയ നീക്കം.
ഒഴിഞ്ഞുകിടക്കുന്ന തോട്ടം ഭൂമി മറ്റാവശ്യങ്ങൾക്ക്
1963ലെ ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം ഒരാൾക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ (15 ഏക്കർ) പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ട ഭൂവിഭാഗങ്ങൾ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. സർക്കാർ ഭൂമി, തോട്ടങ്ങൾ, വ്യവസായങ്ങൾ, വിദ്യാഭ്യാസ ധർമ്മ സ്ഥാപനങ്ങൾ തുടങ്ങിയവ. ഈ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിച്ചാൽ അത് സർക്കാരിന്റെ കൈവശമാകും. ഭൂപരിഷ്‌കരണ നിയമം സെക്ഷൻ 81(1) (ഇ) പ്രകാരം തേയില, കാപ്പി, റബർ, ഏലം തോട്ടങ്ങൾ ഭൂപരിധി നിയമത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തോട്ടം പ്രവർത്തനം അവസാനിപ്പിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചാൽ ഇളവ് നഷ്ടമാകും. എന്നാൽ രണ്ടാം ഭൂപരിഷ്‌കരണത്തിൽ ഈ വ്യവസ്ഥ മറി കടക്കേണ്ടി വരും. ഒഴിഞ്ഞു കിടക്കുന്ന തോട്ടം ഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.
'വിദഗ്ദ്ധരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന കമ്മിറ്റിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ'.
റവന്യൂ മന്ത്രിയുടെ ഓഫീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |