SignIn
Kerala Kaumudi Online
Saturday, 08 August 2026 2.09 AM IST

അമേരിക്കൻ ലോൺ ആപ്പ് തട്ടിപ്പിന് ആഫ്രിക്കൻ ബന്ധം

loan-fraud

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ കാൾസെന്ററൊരുക്കി അമേരിക്കക്കാരെ ലോൺ ആപ്പ് തട്ടിപ്പിൽ കുരുക്കിയ കേസിൽ കേന്ദ്ര ഏജൻസികൾ സമാന്തരമായി അന്വേഷണം തുടങ്ങി. കള്ളപ്പണ, അന്താരാഷ്ട്ര ഇടപാടുകളായതിനാൽ സി.ബി.ഐയോ എൻ.ഐ.എയോ അന്വേഷിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി കൃഷ്ണ ശുപാർശ ചെയ്തിരുന്നു. കേസ് വിവരങ്ങൾ ഡി.ജി.പി കേന്ദ്രത്തിന്റെ മൾട്ടി ഏജൻസി സെന്ററിന് കൈമാറി.

തട്ടിപ്പിന് ആഫ്രിക്കൻ രാജ്യമായ ഘാനയിലും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. അമേരിക്കക്കാർ വായ്പയ്ക്ക് സമീപിക്കുന്ന 'ലെൻഡ്-ജെറ്റ്' സ്ഥാപനത്തിൽ നിന്ന് ഡേറ്രാബേസ് ചോർത്തിയെടുത്തത് ഘാനക്കാരാണെന്നാണ് കണ്ടെത്തൽ. പോങ്ങുംമൂട് ഐറിസ് ആശുപത്രിക്കടുത്ത് പവിഴം ഹോംസിന്റെ വാണിജ്യക്കെട്ടിടം വാടകയ്ക്കെടുത്താണ് വ്യാജ കോൾ സെന്റർ പ്രവർത്തിച്ചത്. ഉത്തരേന്ത്യക്കാരെയാണ് ജോലിക്ക് നിയോഗിച്ചിരുന്നത്. ഇതിൽ നിന്നാണ് അമേരിക്കക്കാരെ തട്ടിപ്പിനിരയാക്കിയിരുന്നത്.തട്ടിപ്പുകാരുടെ സെർവർ പരിശോധിച്ച സൈബർ സംഘം 50 കോടിയെങ്കിലും ഇവർ തട്ടിയെടുത്തിട്ടുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. . വിദേശികളെ ലോൺ ആപ്പ് തട്ടിപ്പിൽ കുരുക്കുന്ന ശൃംഖലയിലെ ശാഖയാണ് തിരുവനന്തപുരത്ത് പ്രവർത്തിച്ചത്. പൊലീസ് റെയ്ഡിനിടെ രക്ഷപ്പെട്ട ഉത്തർപ്രദേശ് സ്വദേശി ആശ്ദീപ് ചൗധരിയെ പിടി കൂടാനായിട്ടില്ല.

സൂത്രധാരന്മാർ

സഹോദരങ്ങൾ

സഹോദരന്മാരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാരെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശുകാരായ ഇവരുടെ വിവരങ്ങൾ കേന്ദ്രത്തിന് കൈമാറി. റിമാൻഡിലായവരെ ജാമ്യത്തിലിറക്കാൻ അഭിഭാഷകൻ പോലുമെത്തിയിട്ടില്ല. അഭിഭാഷകനെ പൊലീസ് പിന്തുടർന്ന് വിവരങ്ങൾ ശേഖരിക്കുമെന്നതിനാലാണിതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തട്ടിപ്പിനിരയായ പത്തോളം അമേരിക്കക്കാരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് തട്ടിപ്പിന്റെ രീതി വ്യക്തമാക്കി പൊലീസ് ഇ-മെയിലയച്ചു. മൂന്നു പേർ തങ്ങളെ തട്ടിപ്പിനിരയാക്കിയത് എങ്ങനെയാണെന്ന് പൊലീസിന്

ഇ-മെയിലിലൂടെ വിവരിച്ചു . എന്നാൽ ആരും പരാതി നൽകിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOAN FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA