
തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഭക്ഷ്യവിഷബാധ ഒഴിവാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് സമഗ്രമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ജീവനക്കാർ വൃത്തിയുള്ള ഏപ്രൺ, ഹെഡ് ക്യാപ്, ആവശ്യമായ സ്ഥലങ്ങളിൽ ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിക്കണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. പനി, വയറിളക്കം, ഛർദ്ദി, മഞ്ഞപ്പിത്തം, ചർമ്മരോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങളുള്ളവർ ഭക്ഷണം കൈകാര്യം ചെയ്യരുത്. കൈകൾ കഴുകുന്നതിനായി സോപ്പും ശുദ്ധജലവും ലഭ്യമാക്കണം. കാലാവധി കഴിഞ്ഞതോ കേടായതോ ആയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുത്. ഭക്ഷ്യധാന്യങ്ങളും മറ്റ് സാധനങ്ങളും റാക്കുകളിൽ സൂക്ഷിക്കണം. പച്ചക്കറികൾ, മാംസം, സാലഡ് എന്നിവയ്ക്കായി പ്രത്യേക കട്ടിംഗ് ബോർഡുകളും പാത്രങ്ങളും ഉപയോഗിക്കണം. ക്ലീനിംഗ് കെമിക്കലുകൾ,കീടനാശിനികൾ തുടങ്ങിയവ ഭക്ഷ്യവസ്തുക്കളിൽ നിന്നും മാറ്റി സൂക്ഷിക്കണം.
മാലിന്യങ്ങൾ അടപ്പുള്ള ബിന്നുകളിൽ ശേഖരിച്ച് ദിവസേന നീക്കം ചെയ്യണം. അടുക്കളയും പരിസരവും വെള്ളക്കെട്ടില്ലാതെ സൂക്ഷിക്കണം. ഭക്ഷണം പൂർണമായി പാകം ചെയ്ത് ചൂടോടെ വേണം വിതരണം ചെയ്യാൻ. ബാക്കി വരുന്ന ഭക്ഷണം വീണ്ടും ഉപയോഗിക്കരുത്. ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷ, വ്യക്തിശുചിത്വം, നിർമ്മാണ രീതികൾ എന്നിവയിൽ ഇടയ്ക്കിടെ പരിശീലനം നൽകണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |