SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.25 PM IST

അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസിൽ; നിയമങ്ങൾ ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ നടപടിയെന്ന് മന്ത്രി

READ ENGLISH VERSION
v-sivankutty

തിരുവനന്തപുരം: 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ നിയമത്തിലെ സെക്ഷൻ13 (1) എ, ബിയിൽ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവ പാലിക്കാതെ ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പറഞ്ഞത്:

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്തണം. ഔപചാരിക വിദ്യാഭ്യാസത്തിനുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ ഇപ്പോൾ അഞ്ച് വയസാണ്. എന്നാൽ, ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്‌ത്രീയ പഠനങ്ങളും മറ്റും നിർദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശനത്തിനുള്ള പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നത്.

പക്ഷേ, കേരളീയ സമൂഹം എത്രയോ കാലങ്ങളായി അഞ്ച് വയസിലാണ് കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗവും കുട്ടികളെ ആറാം വയസിലാണ് സ്‌കൂളിൽ ചേർക്കുന്നത്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറ് വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കണം. 2026-27 അദ്ധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കി മാറ്റാൻ കഴിയണം.

ഈ വർഷത്തെ ചില പരീക്ഷാ ചോദ്യപേപ്പറുകളിൽ ചില തെറ്റുകൾ സംഭവിച്ചു എന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷാ പരിഷ്‌കരണം നടപ്പിലാക്കും.

നിരന്തര മൂല്യനിർണയം, ചോദ്യപ്പേപ്പർ നിർമാണം, പേപ്പറുകളുടെ മൂല്യനിർണയം, ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിൽ അദ്ധ്യാപകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കൽ എന്നിവയും ഈ വർഷം തന്നെ നടപ്പിലാക്കും. ഇവയ്‌ക്കുള്ള വിശദമായ മാർഗരേഖ ഏപ്രിൽ മാസം പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യപ്പേപ്പറുകളുടെ മാതൃകയും എസ്‌സിഇആർടി തയ്യാറാക്കി പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA