
തിരുവനന്തപുരം: രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലങ്ങൾ കേരളത്തിൽ അപൂർവ്വമല്ല. ഇത്തരം അട്ടിമറി വിജയങ്ങൾക്ക് ഒന്നിലേറെ തവണ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ള ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി കുറുപ്പും സി.പി.ഐയിലെ കറപുരളാത്ത വ്യക്തിത്വമായിരുന്ന കെ.വി.സുരേന്ദ്രനാഥും പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായിരുന്ന കണിയാപുരം രാമചന്ദ്രനുമൊക്കെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ തോൽവി നുണഞ്ഞിട്ടുള്ളവരാണ്. അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച ഫലം വന്നത് 1980-ലെ തിരഞ്ഞെടുപ്പിലാണ്. അന്ന് ഇവിടെ തോൽവി ഏറ്റുവാങ്ങിയത് നിസാരക്കാരനല്ല, കമ്യൂണിസ്റ്ര് പാർട്ടിയെ കേരളത്തിൽ വടവൃക്ഷമാക്കിമാറ്റാൻ അശ്രാന്തം പരിശ്രമിച്ച, അവിഭക്തപാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും തീപ്പൊരി പ്രാസംഗികനുമായിരുന്ന എം.എൻ.ഗോവിന്ദൻനായർ. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച നീലലോഹിതദാസൻ നാടാർ എന്ന 33 കാരനോട് എം.എൻ തോൽവി സമ്മതിച്ചത് ചെറിയ മാർജിനിലായിരുന്നില്ല, ഒരു ലക്ഷത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ! ഭൂരിപക്ഷത്തിന്റെ സംഖ്യാപരമായ വലിപ്പമല്ല, മറിച്ച് ഒരു മഹാമേരുവിന്റെ വീഴ്ചയാണ് ആ പോരാട്ടത്തെ ചരിത്ര സംഭവമാക്കിയത്.
1970 മുതൽ 77 വരെ സി.അച്ചുതമേനോൻ മന്ത്രിസഭയിൽ കൃഷി, ഗതാഗതം, വൈദ്യുതി, ഭവനം വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന എം.എൻ.ഗോവിന്ദൻ നായർ, 1977 ലാണ് ആദ്യമായി തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്നത്. ഭാരതീയ ലോക്ദൾ പാർട്ടിയുടെ പി.വിശ്വംഭരനെതിരെ 69,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് എം.എന്റെ വിജയം. രണ്ട് വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നു. സി.പി.ഐ കളത്തിലിറക്കിയത് എം.എൻ.ഗോവിന്ദൻ നായരെ തന്നെ. എതിരാളിയാവട്ടെ, താരതമ്യേന ഒരു പയ്യൻ-നീലലോഹിതദാസൻ നാടാർ.
1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോവളം മണ്ഡലത്തിൽ നിന്ന് ജയിച്ച് സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭയിൽ അംഗമായ പ്രതാപത്തോടെയാണ് നീലലോഹിതദാസൻ നാടാർ 1980ലെ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയത്. എം.എന്റെ വ്യക്തിപ്രഭാവത്തെ എതിരിടാൻ നീലനാണ് പറ്റിയ സ്ഥാനാർത്ഥിയെന്ന് നിർബ്ബന്ധം പിടിച്ചതാവട്ടെ, സി.എച്ച്.മുഹമ്മദ്കോയയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന കിടങ്ങൂർഗോപാലകൃഷ്ണപിള്ളയും. സി.പി.ഐക്ക് പുറമെ സി.പി.എം, ആന്റണികോൺഗ്രസ്, കേരളകോൺഗ്രസ് (മാണി)തുടങ്ങിയ കക്ഷികളെല്ലാം ചേർന്നാണ് എം.എന്റെ പിറകിൽ അണിനിരന്നത്. എം.എൻ.ഗോവിന്ദൻനായർക്ക് മുന്നിൽ നീലൻ നിഷ്പ്രഭനാവുമെന്ന കാര്യത്തിൽ രാഷ്ട്രീയ ജ്യോത്സ്യന്മാർക്ക് തെല്ലുമില്ലായിരുന്നു സംശയം. എന്നാൽ വോട്ടുപെട്ടി തുറന്നപ്പോൾ പ്രവാചകന്മാർക്ക് ഒളിച്ചോടേണ്ടി വന്നു. കാരണം നീലന്റെ ഭൂരിപക്ഷം 1,07,057 വോട്ടുകളായിരുന്നു!.
നീലലോഹിതദാസൻ നാടാർ (കോൺ)..........2,73,818
എം.എൻ.ഗോവിന്ദൻനായർ (സി.പി.ഐ)....1,66,761
ഭൂരിപക്ഷം .....1,07,057
വി.എമ്മിനെ വീഴ്ത്തിയ 'വി.എസ് '
ദീപു.ആർ
ആലപ്പുഴ : തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപരൻമാർ പുതുമയല്ലെങ്കിലും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീഴ്ത്തിയതിലൂടെ അപരൻമാരിൽ ഹീറോയായ ആളാണ് മുഹമ്മ സ്വദേശി വി.എസ്.സുധീരൻ. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വി.എം. സുധീരൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ.എസ്.മനോജിനോട് 1009 വോട്ടിന് പരാജയപ്പെട്ടപ്പോൾ, അപരനായി മത്സരിച്ച വി.എസ്.സുധീരൻ നേടിയത് 8382 വോട്ടുകൾ!
സി.പി.എം അനുഭാവിയും എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന വി.എസ്. സുധീരന്റെ അന്നത്തെ മത്സരത്തിന് പിന്നിൽ ഒരു മധുരപ്രതികാരത്തിന്റെ കഥയുണ്ട്. ഡി.വൈ.എഫ്.ഐ നേതാവായിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ടി. ശശിധരനെതിരെ കോൺഗ്രസുകാർ അപരനെ മത്സരിപ്പിച്ചതിന് പ്രതികാരമായാണ് മത്സരചിന്ത സുധീരന്റെ മനസിൽ കടന്നുവന്നത്. സുഹൃത്തുക്കളോട് ആലോചിച്ചപ്പോൾ കെട്ടിവയ്ക്കാനുള്ള കാശും അവർ ഓഫർ ചെയ്തതോടെ നോമിനേഷൻ നൽകി. ചിഹ്നം തിരഞ്ഞെടുത്തപ്പോഴും കൈപ്പത്തിയോട് സാമ്യമുള്ള ഷട്ടിൽ കോക്ക് സ്വന്തമാക്കി. പേരിലും ചിഹ്നത്തിലുമുള്ള സാമ്യം കോൺഗ്രസിന്റെ കുത്തക ബൂത്തുകളിൽപോലും വി.എം.സുധീരനെ തിരിഞ്ഞുകുത്തി.
ഡോ.കെ.എസ് മനോജ് എം.പിയായിരിക്കെ ഒരു സ്വകാര്യ കയർ ഫാക്ടറിയിൽ തരപ്പെടുത്തിക്കൊടുത്ത ജോലിയിലാണ് വി.എസ്.സുധീരൻ ഇപ്പോഴും കുടുംബം പുലർത്തുന്നത്. മത്സരത്തിന് ശേഷം ലെവി കുടിശിക തീർത്ത് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമായി തുടരുന്ന വി.എസ്. സുധീരൻ പിന്നീട് ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളിയായ മഞ്ജുവാണ് ഭാര്യ. ആദർശധീരനായ വി.എം.സുധീരനെപ്പോലുള്ളവരുടെ നേതൃത്വം ഇപ്പോൾ കോൺഗ്രസിന് ആവശ്യമാണെന്നാണ് വി.എസ്. സുധീരന്റെ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |